കോവിഡിനൊപ്പം ജീവിച്ചുകൊണ്ട് ടൂറിസം വളർത്തുക എന്ന നിലപാടാണ് സ്വീകരിക്കാൻ കഴിയുക

    കോവിഡിനൊപ്പം ജീവിക്കുക, ഒപ്പം ടൂറിസവും വളർത്തുക എന്ന നിലപാടാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വീകരിക്കാൻ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം വകുപ്പിന്റെ വെർച്വൽ ഓണാഘോഷം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
    ടൂറിസം മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ പ്രവർത്തന സജ്ജമാക്കുന്നുണ്ട്. ഇവിടേക്ക് വരാനും കാണുവാനും ആരും കൊതിക്കുന്ന നാടാണ് കേരളം. ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘർഷങ്ങൾ നിലനിൽക്കുമ്പോൾ ഇവിടെ സമാധാനവും ശാന്തിയുമാണുള്ളത്.
    കേരളത്തിൽ ഓണം ജനങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കാറാണുള്ളത്. ഇത്തവണ അത്തരം ആഘോഷ പരിപാടികൾ സാധ്യമല്ലാത്ത അവസ്ഥയാണ്. വീടുകളിൽ ഒതുങ്ങിയുള്ള ഓണാഘോഷമാണ് കോവിഡിന്റെ കാലത്ത് അഭികാമ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് ടൂറിസം വിലപ്പെട്ട മേഖലയാണ്. കോവിഡ് മഹാമാരി ഈ മേഖലയെ വലിയ പ്രതിസന്ധിയിലാക്കി. അഞ്ചു ലക്ഷം പേർക്ക് നേരിട്ടും 20 ലക്ഷം പേർക്ക് അല്ലാതെയും തൊഴിൽ നൽകുന്ന മേഖലയാണിത്. 2018ൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 32 ലക്ഷത്തിന്റെ വർധനവുണ്ടായി. ഒന്നേകാൽ ലക്ഷം വിദേശ ടൂറിസ്റ്റുകളും അധികമായെത്തി.  നിപയും ഓഖിയും പ്രളയവും കനത്ത കാലവർഷവുമെല്ലാം സൃഷ്ടിച്ച പ്രതിസന്ധികളെ ടൂറിസം മേഖലയ്ക്ക് അതിജീവിക്കാൻ കഴിഞ്ഞു. അതിനെ പ്രതിരോധിക്കാൻ കേരളം കാണിച്ച മികവ് ലോകമാകെ അംഗീകരിച്ചതിന്റെ ഫലമായാണ് 2019ൽ കൂടുതൽ വിനോദ സഞ്ചാരികൾ കേരളത്തിലെത്തിയത്. 2019ൽ 11,89,000 അഭ്യന്തര ടൂറിസ്്റ്റുകളും 1,83 കോടി വിദേശ ടൂറിസ്റ്റുകളും കേരളത്തിലെത്തിയത് ഇതിന്റെ ഭാഗമായാണ്. കോവിഡ് നാടിനെയാകെ ബാധിച്ചിരിക്കുന്ന അവസ്ഥയിലാണ് ടൂറിസം വകുപ്പ് വെർച്വൽ ഓണം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    പരമ്പരാഗത, നവ മാധ്യമങ്ങളെ ഉപയോഗിച്ച് ഓണാഘോഷം ജനങ്ങളിലെത്തിക്കാനാണ് ടൂറിസം വകുപ്പിന്റെ ശ്രമമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന അന്താരാഷ്ട്ര മത്സരം ഡിജിറ്റൽ പ്ളാറ്റ്ഫോമിലൂടെ നടത്തുന്നതാണ് ഈ ഓണാഘോഷത്തിന്റെ വലിയ പ്രത്യേകത. ഇത് ലോകത്തിന് ഒരുമയുടെ സന്ദേശം പകരുന്നു. കലാകാരൻമാർ സ്വയം റെക്കോഡ് ചെയ്ത് അയച്ചുതരുന്ന കേരളീയ കലകൾ വിവിധ ചാനലുകളിലൂടെയും സമൂഹ മാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തിയും ജനങ്ങളിലേക്കെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
    ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും ടൂറിസം ഡയറക്ടർ കൃഷ്ണതേജ നന്ദിയും പറഞ്ഞു.