വിഷരഹിത പച്ചക്കറിയാണ് ലക്ഷ്യം

    ജൈവകൃഷി പ്രോത്സാഹിപ്പിച്ച് വിഷരഹിത പച്ചക്കറി ജനങ്ങളിലേക്ക് എത്തിക്കുകയാണ് വിപണനമേളകളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ചടയമംഗലം കൃഷിഭവനില്‍ ഓണം പഴം-പച്ചക്കറി വിപണിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പച്ചക്കറികള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. നെല്ലുല്‍പാദനം വര്‍ദ്ധിപ്പിച്ച് സമാന സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത് – മന്ത്രി പറഞ്ഞു.

    ഓഗസ്റ്റ് 20 വരെയാണ് പച്ചക്കറി വിപണി പ്രവര്‍ത്തിക്കുക. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 105 വിപണികളാണുള്ളത്. ചടയമംഗലം ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ മാത്രമായി 10 സ്റ്റാളുകള്‍. വിപണി മൂല്യത്തേക്കാള്‍ 10 ശതമാനം അധിക വില നല്‍കിയാണ് കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സ്വീകരിക്കുന്നതിന്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. വി ബിന്ദു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ. ഡി. ഷീല, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി. എസ് രാജലക്ഷ്മി, കൃഷി ഓഫീസര്‍ ഡി. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.