നൂറ് ദിനം; 10 ലക്ഷം കശുമാവ് തൈകള്‍ കശുവണ്ടി മേഖലയ്ക്ക് പ്രത്യേക പരിഗണന – മന്ത്രി പി. രാജീവ്

കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹിരിക്കുന്നതിന് ധനമന്ത്രി കെ. എന്‍. ബാലഗോപാലിന്റെ സാന്നിദ്ധ്യത്തില്‍ ഉന്നതതല പ്രത്യേക യോഗം ഉടന്‍ ചേരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സര്‍ക്കാരിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ച 10 ലക്ഷം കശുമാവിന്‍ തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആറു ലക്ഷം ടണ്‍ തോട്ടണ്ടിയാണ് നിലവില്‍ കശുവണ്ടി മേഖലയ്ക്ക് ആവശ്യം. 2011ല്‍ 37,000 ടണ്‍ മാത്രമായിരുന്നത് കഴിഞ്ഞ സര്‍ക്കരാരിന്റെ പ്രവര്‍ത്തനഫലമായി 83,000 ആയി. ഇന്നിപ്പോള്‍ മൂന്ന് വര്‍ഷം മാത്രമെടുത്ത് കായ്ക്കുന്ന 10 ലക്ഷം തൈകള്‍ നല്‍കി ആഭ്യന്തര ഉദ്പാദനവര്‍ധന പരമാവധിയാക്കുകയാണ് ലക്ഷ്യം. നല്‍കുന്ന തൈകളുടെ വളര്‍ച്ചാ പുരോഗതി വിലയിരുത്തിയുള്ള തുടര്‍പ്രവര്‍ത്തനം നടത്തും. തൈ ലഭിച്ചവരുടെ വിവരശേഖരണം നടത്തി ആവശ്യമായ പിന്തുണ നിരന്തരം നല്‍കും.

ഉദ്പാദനം കൂട്ടുന്നതിനൊപ്പം കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിക്കാനും പദ്ധതി സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഗസ്റ്റ്ഹൗസ് പരിസരത്ത് അദ്ദേഹം കശുമാവിന്‍ തൈ നട്ടു.

മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. കര്‍ഷകര്‍ക്കായി തയ്യാറാക്കിയ ലഘുലേഖ എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. പ്രകാശനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഹണി, സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി ചെയര്‍മാനും സ്‌പെഷ്യല്‍ ഓഫീസറുമായ ശിരീഷ് കേശവന്‍, കോര്‍ഡിനേറ്റര്‍ എ. അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.