അധിക വരുമാനത്തിന് മത്സ്യകൃഷി അനുയോജ്യം

    പാലക്കാട്: സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ക്ക് അധിക വരുമാനത്തിന് മത്സ്യകൃഷി അനുയോജ്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം അത്തിക്കോട് സ്വദേശി ജോണ്‍ ബെനഡിക്റ്റിന്റെ കൃഷിയിടത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫിഷറീസ് വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പൊതു ജലാശയങ്ങളില്‍ മത്സ്യകൃഷി നടത്തുന്നതിനായി കര്‍ഷകര്‍ക്ക് അവസരമൊരുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ മാത്രം 19 ഓളം ചെറു തടയണകളുണ്ട്. പത്തോളം കുടുംബങ്ങളെ ഉള്‍പ്പെടുത്തി ചെറു ഗ്രൂപ്പുകളായി തിരിച്ച് ഈ കുളങ്ങളില്‍ അത്യുല്‍പാദനശേഷിയുള്ള ശുദ്ധജല മത്സ്യങ്ങളെ വളര്‍ത്തിയാല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗമാവും.

    അടുക്കള മാലിന്യങ്ങള്‍ ഭക്ഷിച്ച് ജീവിക്കുന്ന പ്രത്യേക ഇനം മത്സ്യങ്ങള്‍ വീടുകളില്‍ വളര്‍ത്തുന്നത് വരുമാനത്തിനും മാലിന്യസംസ്‌കരണത്തിനും ഒരുപോലെ പ്രയോജനകരമാകുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഇതിനു മുന്നോടിയായി മത്സ്യകൃഷി സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല നടത്തണമെന്നും കൂടുതല്‍ ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

    ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗാമായാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ അത്തിക്കോട് സ്വദേശി ജോണ്‍ ബെനഡിക്റ്റിന്റെ 50 സെന്റ് വിസ്തീര്‍ണ്ണമുള്ള കുളത്തിലേക്ക് ഗിഫ്റ്റ് തിലോപ്പിയ ഇനത്തില്‍പ്പെട്ട 6000 കുഞ്ഞുങ്ങളെയാണ് രണ്ടു ഘട്ടങ്ങളിലായി നിക്ഷേപിച്ചത്. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു തവണ വീതം വിളവെടുപ്പ് നടത്തുന്നുണ്ട്.

    പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് അധ്യക്ഷനായി. നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അനീഷ ആദ്യ വില്‍പ്പന നടത്തി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി സുഗന്ധ കുമാരി, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം മിനി മുരളി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ സുജാത, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സതീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി അനിത, വി രാജേഷ് കല, കെ മുത്തു തുടങ്ങിയവര്‍ പങ്കെടുത്തു.