ഐഎസ്ആർഒയുടെ കൂറ്റൻ വാഹനം നാട്ടുകാർ തടഞ്ഞു

തിരുവനന്തപുരം: പത്തു ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്ആർഒയുടെ കൂറ്റൻ ചരക്ക് വാഹനം തിരുവനന്തപുരം തുമ്പയിൽ നാട്ടുകാർ തടഞ്ഞു.പിന്നീട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് വാഹനം കടത്തിവിട്ടത്. ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിയ്ക്കായി മുംബൈയിൽനിന്ന് കപ്പൽ മാർഗം കൊല്ലത്തും അവിടെനിന്ന് റോഡ് മാർഗം തുമ്പയിലേക്കും വന്ന വാഹനമാണ് നാട്ടുകാർ തടഞ്ഞത്. വാഹനത്തിൽ 184 ടൺ ചരക്കാണ് ഉണ്ടായിരുന്നത്. ഒരു ടണ്ണിന് 2000 രൂപ നിരക്കിലാണ് നാട്ടുകാർ നോക്കുകൂലി ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായമില്ലാതെ മെഷീൻ ഉപയോഗിച്ച് ചരക്ക് ഇറക്കുന്നതിനാലാണ് നോക്കുകൂലി ആവശ്യപ്പെട്ടത്.                                            പൂർണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്. മൂന്നു പേരുടെ തൊഴിൽ സേവനം മാത്രമാണ് ആവശ്യം.
നിലവിലെ സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിട്ടുണ്ട്. ഇനിയും പ്രതിഷേധം ഉണ്ടാവുകയാണെങ്കിൽ വാഹനം ഉപേക്ഷിച്ചു പോവുകയല്ലാതെ വേറെ നിവർത്തിയില്ലെന്നും പ്രോജക്റ്റ് കൺസൾട്ടന്റ് രാജേശ്വരി പറഞ്ഞു.