മികവുയർത്താൻ വിദ്യാകിരണം ഡിജിറ്റൽ ലൈബ്രറി, ആകാശ മിഠായി പദ്ധതികൾക്ക് തുടക്കം

ഓൺ ലൈൻ പഠനത്തിനായുള്ള ഡിജിറ്റൽ പഠനോപകരണങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്ന വിദ്യാകിരണം ഡിജിറ്റൽ ലൈബ്രറി പദ്ധതിക്ക് തുടക്കമായി. കളമശേരി നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കുന്ന ഡിജിറ്റൽ ലൈബ്രറി പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭയിലെ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള ആകാശ മിഠായി പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ഓരോ വിദ്യാർഥിയുടെയും അഭിരുചിക്കനുസരിച്ച് മികച്ച പഠനം ഉറപ്പാക്കണമെന്നും പഠന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ പഠനത്തിൻ്റെ ഭാഗമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമല്ലാത്ത എല്ലാ വിദ്യാർഥികൾക്കും അവ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. കളമശേരി മണ്ഡലത്തിൽ 746 വിദ്യാർഥികൾക്കാണ് ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെല്ലാം ടാബ്ലെറ്റുകൾ നൽകുകയാണ് ഡിജിറ്റൽ ലൈബ്രറി പദ്ധതിയിലൂടെ. സ്വന്തമായി വാങ്ങാൻ കഴിയാത്തവരും സംഘടനകളിൽ നിന്നും മറ്റും മൊബൈൽ ഫോണോ ടാബ്ലെറ്റോ ലാപ്ടോപ്പോ ലഭിക്കാത്തവരാണിവർ. ഇവർക്ക് സ്കൂളുകൾ വഴിയാകും ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകുക. മറ്റു രീതിയിൽ ഡിജിറ്റൽ പഠനോപകരണം ലഭിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപകർ ഉറപ്പാക്കിയ ശേഷമാകും ഇവ നൽകുക. മികച്ച പഠനം സാധ്യമാകുന്നതിനുള്ള എല്ലാ നടപടികളും തുടരുമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ ലൈബ്രറി പദ്ധതിയുടെ ഭാഗമായി 30 സ്കൂളുകൾക്കുള്ള ടാബ് ലെറ്റുകൾ മന്ത്രി വിതരണം ചെയ്തു. ഏലൂർ നഗരസഭയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ആറ് സ്കൂളുകൾക്കുള്ള പുരസ്കാരം പ്രധാനാധ്യാപകർ ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.

ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ഏലൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ലീല ബാബു, ഏലൂർ നഗരസഭ സെക്രട്ടറി പി.കെ. സുഭാഷ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.