പരിശീലന പരിപാടി സമാപിച്ചു; മന്ത്രിമാർ ക്‌ളാസിലിരുന്നത് ആകെ 12 മണിക്കൂർ

സംസ്ഥാന മന്ത്രിമാർക്കായി ഐ. എം. ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. ആകെ 12 മണിക്കൂറാണ് മൂന്നു ദിവസങ്ങളിലായി മന്ത്രിമാർ ക്‌ളാസിലിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് ഐ. എം. ജി പരിശീലന പരിപാടി നടത്തിയത്. എല്ലാ ദിവസവും രാവിലെ 9.30മുതലാണ് ക്‌ളാസ് ആരംഭിച്ചത്. മൂന്നു സെഷനുകളിലായി ഉച്ചവരെയായിരുന്നു ക്‌ളാസ്. ദിവസവും കൃത്യസമയത്ത് തന്നെ മന്ത്രിമാരെല്ലാവരും ക്‌ളാസിൽ ഹാജരായിരുന്നു. 20ന് മുഖ്യമന്ത്രിയാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത്. ആദ്യ ദിനത്തിലെ ആദ്യ സെഷനിലും അവസാന ദിനത്തിലെ അവസാന സെഷനിലും മുഖ്യമന്ത്രിയും പങ്കെടുത്തു. നീതി ആയോഗ് സി. ഇ. ഒ അമിതാഭ് കാന്താണ് അവസാന സെഷനിൽ സംസാരിച്ചത്.

പരിശീലന പരിപാടി വളരെ ഫലപ്രദമായിരുന്നുവെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. രാഷ്ട്രീയരംഗത്തെ വലിയ അനുഭവത്തിൽ നിന്ന് പഠിച്ചതിനു പുറമെ ഇനിയുള്ള ഓട്ടത്തിന് മൂന്നു ദിവസത്തെ പരിശീലനം ഇന്ധനം പകരുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ”വിവിധ മേഖലകളെ സ്പർശിക്കുന്ന പരിശീലനമായിരുന്നു. മന്ത്രിമാരെന്ന നിലയിൽ നല്ല ആത്മവിശ്വാസം പകരുന്നതായി. ജനങ്ങൾക്കിടയിൽ കൂടുതൽ ബോധ്യത്തോടെ പ്രവർത്തിക്കാൻ ഈ പരിശീലനം സഹായിക്കും. ഒരുപാട് പുതിയ കാര്യങ്ങൾ മനസിലാക്കാനായി. മന്ത്രിമാർ ഏതെല്ലാം വിഷയങ്ങളിൽ ഇടപെടണം, ഏതൊക്കെ തരത്തിൽ പ്രവർത്തിക്കണം, എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങി വിവിധ കാര്യങ്ങൾ പ്രതിപാദിക്കുന്നതായിരുന്നു. ഓരോ മേഖലയിലെയും പരിചയസമ്പന്നരാണ് മന്ത്രിമാരുമായി സംവദിച്ചത്,” മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മികച്ച അനുഭവം പകരുന്നതായിരുന്നു പരിശീലനമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. മൂന്നു ദിവസത്തെ വിദഗ്ധരുമായുള്ള സംവാദം ലക്ഷ്യങ്ങളിലേക്ക് എങ്ങനെ വേഗത്തിലെത്താമെന്നതിന് ദിശ പകരുന്നതായി. ടൈം മാനേജ്‌മെന്റ്, ആസൂത്രണം എന്നിവയെക്കുറിച്ചും പുതിയ കാഴ്ചപ്പാട് നൽകുന്നതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിമാരെന്ന നിലയിൽ വകുപ്പിനെ മുന്നോട്ടു നയിക്കാനും പ്രവർത്തനങ്ങളിൽ ഫലമുണ്ടാക്കാനും പദ്ധതികൾ സമയബന്ധിതമായി തീർക്കുന്നതു സംബന്ധിച്ചും ഒപ്പമുള്ളവരെ പ്രചോദിപ്പിക്കുന്നതിനെക്കുറിച്ചുമെല്ലാം ഫലപ്രദമായ പരിശീലന സെഷനുകളുണ്ടായിരുന്നതായി ഐ. എം. ജി ഡയറക്ടർ കെ. ജയകുമാർ പറഞ്ഞു. മന്ത്രിമാർ പരമാവധി ഉൾക്കൊണ്ടുവെന്നാണ് വിശ്വാസം. പുതിയ കാഴ്ചപ്പാടുകൾ മന്ത്രിമാരുമായി പങ്കുവയ്ക്കാൻ സാധിച്ചതായി അദ്ദേഹം അറിയിച്ചു.

മുൻ കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖർ, യു. എൻ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി,
ഐ. ഐ. എം മുൻ പ്രൊഫസറും മാനേജീരിയൽ കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി,
ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഡി. ഷിബുലാൽ, ലോകബാങ്ക് മുഖ്യ മൂല്യനിർണയ വിദഗ്ധയും സംസ്ഥാന സർക്കാരിന്റെ മുൻ ജെൻഡർ ഉപദേശകയുമായ ഡോ. ഗീതാഗോപാൽ, ഐ. എം. ജി ഡയറക്ടർ കെ. ജയകുമാർ, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആന്റ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കേന്ദ്ര മുൻ സെക്രട്ടറി അനിൽ സ്വരൂപ്, സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ സ്ഥാപകരായ നിധി സുധൻ, വിജേഷ് റാം, നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് എന്നിവരാണ് പരിശീലന പരിപാടിയിൽ മന്ത്രിമാരുമായി സംവദിച്ചത്.