ആസാദി കാ അമൃത് മഹോത്സവ്: സി ഐ എസ് എഫ് സൈക്കിൾ റാലി ഗവർണർ ഫ്‌ളാഗ് ഓഫ് ചെയ്തു

ഇന്ത്യൻ  സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ  ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര വ്യവസായ സംരക്ഷണ സേന (സിഐഎസ്എഫ്)  സംഘടിപ്പിച്ച സൈക്കിൾ റാലി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  തിരുവനന്തപുരത്ത്  രാജ്ഭവനിൽ ഫ്‌ളാഗ് ഓഫ് ചെയ്തു.  ചീഫ് സെക്രട്ടറി വി പി ജോയ്,  ഡിജിപി അനിൽ കാന്ത്, സിഐഎസ്എഫ് സൗത്ത് സെക്ടർ ഇൻസ്‌പെക്ടർ ജനറൽ അഞ്ജന സിൻഹ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സൈക്കിൾ റാലി അടുത്ത മാസം  26 ന്  കെവാഡിയയിലെ  (ഗുജറാത്ത്) ഏകതാ പ്രതിമയിൽ സമാപിക്കും. സിഐഎസ്എഫിന്റെ ദക്ഷിണമേഖലയിൽ  നിന്നുള്ള 15 ഉദ്യോഗസ്ഥരും ജവാൻമാരും ഈ ദിവസങ്ങളിൽ മൊത്തം 2045 കിലോമീറ്റർ ദൂരം റാലിയിൽ സഞ്ചരിക്കും.
ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രപരമായ സ്ഥലങ്ങളിലൂടെയായിയിരിക്കും റാലി കടന്ന് പോവുക.

കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങൾ  സന്ദർശിച്ചതിന് ശേഷം  കർണാടക, ഗോവ, മഹാരാഷ്ട്ര,ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളും  കേന്ദ്രഭരണ പ്രദേശമായ ദാമനും റാലി സന്ദർശിക്കും.
മഹാമാരിയുടെ  സാഹചര്യം കാണക്കിലെടുത്ത് കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ്  റാലി സംഘടിപ്പിച്ചിട്ടുള്ളത്.

സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യ ലോകത്തിന് കാട്ടിക്കൊടുത്ത സാമൂഹിക ഐക്യത്തിന്റെയും  മഹത്തായ പൈതൃകത്തിന്റെയും മൂല്യങ്ങളുടെയും  പ്രാധാന്യം വിളംബരം ചെയ്ത്  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിഐഎസ്എഫ് നടത്തുന്ന 10 സമാന റാലികളുടെ ഭാഗമാണ് ഇത്.