മോന്‍സനൊപ്പമുള്ള ഒരു ഫോട്ടോയുടെ പേരില്‍ സുധാകരനെ വേട്ടയാടുകയാണെന്ന് വി ഡി സതീശന്‍

കൊച്ചി: പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സനൊപ്പമുള്ള ഒരു ഫോട്ടോയുടെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മോന്‍സണിനൊപ്പം മുന്‍ മന്ത്രി സുനില്‍ കുമാര്‍ അവാര്‍ഡ് നല്‍കുന്നതും മന്ത്രി റോഷി അഗസ്റ്റിന്‍ ഒപ്പം നില്‍കുന്നതുമായ ചിത്രങ്ങളുണ്ട്. എന്നാല്‍, അവരെല്ലാം തട്ടിപ്പില്‍ പ്രതികളാണെന്ന് തങ്ങള്‍ പറയണമോ എന്ന് സതീശന്‍ ചോദിച്ചു. കേരളത്തിലെ പ്രതിപക്ഷം അനാവശ്യ ആരോപണം ആര്‍ക്കെതിരെയും ഉന്നയിക്കില്ല. അത്തരത്തില്‍ ആരെയും വേട്ടയാടുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും സതീശന്‍ വ്യക്തമാക്കി.

തട്ടിപ്പില്‍ രാഷ്ട്രീയക്കാരോ സെലിബ്രിറ്റികളോ ഉണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കട്ടെ. ഓരോ മനുഷ്യനും അവന്റെ ജീവിതകാലം മുഴുവന്‍ കഠിനദ്ധ്വാനം ചെയ്ത് ഉണ്ടാക്കുന്ന പ്രതിച്ഛായയാണ് എല്ലാവര്‍ക്കും ഉള്ളത്. അത് മാധ്യമ വിചാരണ ചെയ്ത് ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്. ഒരു ഫോട്ടോ കാണിച്ച് ഒറ്റ ദിവസം കൊണ്ട് പ്രതിച്ഛായ തട്ടിത്തെറിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും സതീശന്‍ അറിയിച്ചു.

തട്ടിപ്പ് നടത്തിയ ആളെ പൊലീസ് പിടിച്ചാല്‍ അയാളുടെ കൂടെ ജീവിതകാലത്ത് ഫോട്ടോ എടുത്തവരെ എന്തിന് വലിച്ചിഴക്കുന്നത്. അവരെങ്ങനെ കേസിലെ പ്രതികളാകും. തട്ടിപ്പ് നടത്തിയതില്‍ പങ്കുണ്ടെങ്കില്‍ ഡി.ജി.പിയോ മുന്‍ ഡി.ജി.പിയോ ആണെങ്കിലും നിയമത്തിന് മുമ്പില്‍ കൊണ്ടുവരട്ടെ എന്നും സതീശന്‍ വ്യക്തമാക്കി.

മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് സുധാകരന്‍ ചികിത്സ തേടിയിട്ടുണ്ട്. മോന്‍സണിന്റെ വീട്ടില്‍ സുധാകരന്‍ പോയിട്ടുണ്ട്, എന്നാല്‍ താമസിച്ചിട്ടില്ല. മോന്‍സണിന്റെ വീട്ടില്‍ 10 ദിവസം താമസിച്ചിട്ടുണ്ടെന്ന തെറ്റായ പ്രചരണം മാധ്യമങ്ങളിലൂടെ നടക്കുകയാണ്. മോന്‍സണ്‍ പുരാസ്തു പ്രദര്‍ശനവും ചികിത്സയും യഥാര്‍ഥത്തില്‍ നടത്തുകയാണെന്ന് കരുതിയാണ് സിനിമ താരങ്ങള്‍ അടക്കമുള്ളവര്‍ പോയിട്ടുള്ളത്. അനാവശ്യമായി വിവാദത്തില്‍ വലിച്ചിഴക്കുകയാണ്. ഇത് രാഷ്ട്രീയമായി ആര്‍ക്കും നല്ലതല്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലും പൊതുപരിപാടികളിലും പോകുമ്പോള്‍ ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ നിരവധി പേര്‍ വരാറുണ്ട്. ഫോട്ടോക്ക് തയാറായില്ലെങ്കില്‍ ജാഡയാണ് അഹങ്കാരമാണ് എന്ന് പറയും. അത്തരക്കാരെ കവര്‍ച്ചാ കേസിലോ കഞ്ചാവ് കേസിലോ സ്വര്‍ണക്കടത്ത് കേസിലോ പിടിച്ചാല്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ ചിരിച്ചു നില്‍കുന്ന ഫോട്ടോ മാധ്യമങ്ങള്‍ നല്‍കും. അങ്ങനെ ഒന്നും ഒരു പൊതുപ്രവര്‍ത്തകനെയും രാഷ്ട്രീയക്കാരനെയും വഷളാക്കാന്‍ കഴിയില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.