പ്രഹസനം (കവിത-നിഥിൻകുമാർ.ജെ.പത്തനാപുരം)

പ്രഹസനമല്ലാതെ മറ്റൊന്നും കണ്ടതില്ല,
കേട്ടതില്ല ഞാനീയൂഴിയിൽ.
അപരിചിതരിൽ ചിലർ വിടവാങ്ങവെ,
തേങ്ങുന്നു, വിതുമ്പുന്നു ചിലരെല്ലാം.

ആരെന്നറിയില്ലെന്നാലും അവർക്കായി
പ്രാർത്ഥനകൾ ചൊല്ലുന്നു,
സഹതാപങ്ങളൊഴുക്കുന്നു,
ചിലരെല്ലാം കണ്ണിരും പൊഴിക്കുമത്രേ!.

പ്രഹസനമല്ലാതെ മറ്റെന്താണിത്?
മനുഷ്യനെന്നും, സഹജീവിയെന്നും,
നന്മമരമെന്നും,

ഓരോ ജീവനിലും ഉത്കണ്ഠപ്പെടുന്നവരെന്നും ലോകത്തെയറിയിക്കുന്നതെല്ലാം
പ്രഹസനമല്ലാതെ മറ്റെന്താകും?
ഉറ്റവരല്ല, ഉടയവരല്ല.
ഒരുവേളയിലും കണ്ടിട്ടില്ലാത്തവരാവർ
വരുംവേളയിൽ തെല്ലും കാണാനുമിടയില്ല.

യാഥാർഥ്യമറിയും മുന്നേ മറ്റൊന്ന് പറഞ്ഞിടാം.
ഭൂമാതാവിൻ കരുതലിൽ
കഴിയുമൊരു മാനവൻ ഞാൻ.
അന്നം തേടിയലയും സഞ്ചാരി.
പ്രഹസനം വാണിടും ലോകമിതെ.

ദുഃഖനാടകമാവതരിപ്പിക്കുന്നവർ
സ്വവയർ വിസ്മരിക്കില്ല,ഒരുനേരവും.

ഉണ്ണാതെ, ഊട്ടാതെ, ഉറങ്ങാതെയിരിക്കില്ല
ഒരു നാളും, ഒരു നേരവും.
സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കും
പുതിയ കാലത്തിന്റെ മനുഷ്യത്വം,

ഏകദിനവിനോദമായിട്ട് കാലം തെല്ലും
കടന്നെന്നോർക്കാതെ പോകരുതേ.

നിറയുന്ന നൊമ്പരങ്ങൾ.
പ്രതിഷേധങ്ങൾ
പുഷ്പജലികൾ.
സഹതാപങ്ങൾ.

മിഴിനീര് വറ്റിക്കും മത്സരങ്ങൾ.
സർവവും ഏകദിനത്താൽ കെട്ടടങ്ങും.
വർണ്ണങ്ങൾ, ദീപങ്ങൾ, ചിഹ്നങ്ങൾ തൻ ക്ഷോഷയാത്ര.
ഓരോ ജീവനും ഓരോ നാൾ പ്രഹസനം!.
“മനുഷ്യത്വം തെല്ലുമില്ലാത്തവർക്കിടയിൽ
മനുഷ്യത്വരഹിതമീവാക്കുകളെന്നു
ചിന്തിക്കുന്നതിലൊട്ടും അതിശയൊക്തിയില്ല.”