യുഎസ് സുപ്രീം കോടതിയിലേക്ക് വനിതാ മാര്‍ച്ച്

വിവാദമായ ടെക്സസ് ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരെ ആയിരക്കണക്കിന് സ്ത്രീകള്‍ അമേരിക്കന്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തി. ബൈഡന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ വനിതാ മാര്‍ച്ചാണ് ഇന്നലെ നടന്നത്. ഗര്‍ഭച്ഛിദ്രം വിലക്കിക്കൊണ്ടുള്ള ടെക്സസ് കോടതിയുടെ വിധിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് രാജ്യമെമ്പാടുമുള്ള വനിതകള്‍ സുപ്രീം കോടതി ലക്ഷ്യമാക്കി നീങ്ങിയത്.

ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കില്ലെന്നായിരുന്നു ടെക്സസ് കോടതിയുടെ ഉത്തരവ്. ആറാഴ്ചയ്ക്ക് ശേഷമാണ് ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാനാകുക. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ പോലും ഈ കാലായളവ് വേണമെന്നിരിക്കെ കോടതിയുടെ വിധി അശാസ്ത്രീയവും നീതിരഹിതവുമാണെന്നാണ് വിമര്‍ശനം. എന്റെ ശരീരം, എന്റെ ഗര്‍ഭപാത്രം, തീരുമാനം എന്റെ മാത്രം, തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വനിതകള്‍ ഉയര്‍ത്തിയത്.