75 വിവാഹം, കടത്തിയത് 200ഓളം പെണ്‍കുട്ടികളെ; പെണ്‍വാണിഭ കേസില്‍ പ്രതി അറസ്റ്റില്‍

ഇന്‍ഡോര്‍: പെണ്‍വാണിഭ കേസില്‍ ബംഗ്ലാദേശ് സ്വദേശി ഗുജറാത്തില്‍ അറസ്റ്റില്‍. 200ഓളം ബംഗ്ലാദേശി പെണ്‍കുട്ടികളെ കടത്തിയ ഇയാള്‍ 75 പേരെ വിവാഹം കഴിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബംഗ്ലാദേശിലെ ജസോര്‍ സ്വദേശിയായ മുനീര്‍ എന്ന മുനിറുള്‍ ആണ് മധ്യപ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പിടിയിലായത്.

പ്രതിയെ ചോദ്യം ചെയ്തതില്‍ പെണ്‍കുട്ടികളെ ഇന്‍ഡോര്‍ നഗരത്തില്‍ കൊണ്ടുവന്ന് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായും തെളിഞ്ഞു. നേരത്തേ സമാനമായ കേസില്‍ ഒരു സെക്സ് റാക്കറ്റ് സംഘത്തെ കണ്ടെത്തിയിരുന്നതായി വിജയ് നഗര്‍ പൊലീസ് പറയുന്നു. അതില്‍ ബംഗ്ലാദേശില്‍ നിന്നുള്ള 21 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായും സംഭവത്തില്‍ സാഗര്‍ എന്ന സാന്‍ഡോ, അഫ്രീന്‍, അമ്രീന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. അന്ന് മുനീര്‍ ഒളിവിലായിരുന്നതിനാല്‍ കണ്ടെത്താനായിരുന്നില്ല.

അറസ്റ്റിലായ മുനീര്‍ മൂര്‍ഷിദാബാദ് വഴി ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഒരു അഴുക്കുചാല്‍ വഴിയാണ് പെണ്‍കുട്ടികളെ ഇന്ത്യയിലെത്തിച്ചിരുന്നത്. ഇതിനായി അതിര്‍ത്തിക്കടുത്തുള്ള കുഗ്രാമങ്ങളില്‍ താമസിക്കുന്ന ഏജന്റുമാരുടെ സഹായവും നേടിയിരുന്നു. കൂടാതെ അതിര്‍ത്തിയില്‍ നിയോഗിച്ചിട്ടുള്ള സൈനികര്‍ക്ക് കൈക്കൂലിയായി പ്രതി 25,000 രൂപ നല്‍കിയാണ് രാജ്യത്തൊട്ടാകെയുള്ള നിരവധി നഗരങ്ങളിലേക്ക് ധാരാളം പെണ്‍കുട്ടികളെ കടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.

75 പേരെ വിവാഹം ചെയ്ത ഇയാള്‍ അവരില്‍ ഭൂരിഭാഗം പെണ്‍കുട്ടികളെയും വിറ്റു. മിക്ക പെണ്‍കുട്ടികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഇതിനുപിന്നില്‍ വലിയൊരു ശൃംഖല പ്രവര്‍ത്തിക്കുന്നതായും സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട ഒരു സംഘം കൊല്‍ക്കത്തയിലും മുംബൈയിലും പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നതായും പ്രതി വെളിപ്പെടുത്തി.