മകനെതിരെ തെളിവുണ്ടെങ്കില്‍ രാജിവെക്കുമെന്ന് കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്ര

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്കു കാറിടിച്ചു കയറ്റിയ സംഭവത്തില്‍ ആരോപണവിധേയനായ ആശിഷ് മിശ്രയ്‌ക്കെതിരേ തെളിവിന്റെ കണികയെങ്കിലുമുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് ആശിഷിന്റെ അച്ഛനും കേന്ദ്രമന്ത്രിയുമായ അജയ് കുമാര്‍ മിശ്ര. ലഖിംപുര്‍ ഖേരിയില്‍ സംഭവം നടന്ന സ്ഥലത്ത് മകൻ ഉണ്ടായിരുന്നുവെന്നതിന് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അജയ് കുമാര്‍ മിശ്ര പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

ഞായറാഴ്ച നടന്ന സംഭവത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും നാല് കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനമാണ് പ്രക്ഷോഭകര്‍ക്ക് നേരെ പാഞ്ഞുകയറിയത് എന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിയും മകനും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുപോലും ഇല്ലായിരുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

കര്‍ഷകര്‍ക്കിടയിലേക്കു കാറിടിച്ചു കയറ്റിയതായി ആരോപണവിധേയനായ ആശിഷ് മിശ്രയ്‌ക്കെതിരേ കൊലക്കുറ്റവും മറ്റു വകുപ്പുകളും ചേര്‍ത്ത് കേസെടുത്തിരുന്നു. നേരത്തെ, കര്‍ഷകപ്രതിഷേധത്തിനിടെ എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ കര്‍ഷക പ്രതിഷേധത്തിനിടെ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സമരക്കാര്‍ക്കുമേല്‍ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസാണ് വീഡിയോ പുറത്തുവിട്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സമരം ചെയ്യുന്ന കര്‍ഷകരുടെ പിന്നിലൂടെ എത്തിയ വാഹനം അവര്‍ക്കുമേല്‍ ഇടിച്ചുകയറുന്നത് 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയില്‍ കാണാം.