പണംതട്ടല്‍ വിരുതന്‍ ബീവറേജസ് ഉദ്യോഗസ്ഥന് പത്തനംതിട്ടയില്‍ നിയമനം; ആശങ്കപ്പെട്ട് സഹപ്രവര്‍ത്തകര്‍

-ഹരി ഇലന്തൂര്‍-

നിരവധി തവണ പണം തട്ടിപ്പു നടത്തി പിടിയിലായ ബീവറേജസ് ഉദ്യോഗസ്ഥന് പത്തനംതിട്ടയിൽ വീണ്ടും നിയമനം. സഹപ്രവർത്തകർ ആശങ്കയിൽ. ഇയാളെ പണം കൈകാര്യം ചെയ്യുന്ന ഔട്ട്ലറ്റുകളിൽ നിയമിക്കരുതെന്ന് ഓഡിറ്റു വിഭാഗം ശുപാർശ . തള്ളിയാണ് പഴയ ലാവണത്തിൽ എത്തിയത്.ഇടതു മുന്നണി അധികാരത്തിൽ എത്തുമ്പോൾ മാത്രമാണ് ഇയാൾ തട്ടിപ്പു നടത്തുന്നത്.

ഒൻപത് ലക്ഷം രൂപാ പ്രതിദിന വരുമാനമുള്ള പത്തനംതിട്ട നഗരമധ്യത്തിലുള്ള ബീവറേജസ് ഔട്ട് ലെറ്റിലാണ് സസ്പെൻഷനും കറക്കവും കഴിഞ്ഞ് പുതിയ മാനേജർ എത്തിയത്. കഴിഞ്ഞ ഇടതു മുന്നണി ഭരണകാലത്ത് 12 ലക്ഷം അടിച്ചുമാറ്റിയതിനായിരുന്നു സസ്പെൻഷൻ. തലേന്ന് രാത്രി വിൽപ്പന അവസാനിച്ച ശേഷം കണക്കുകൾ കൂട്ടി വച്ചത് തിരുത്തിയാണ് 12 ലക്ഷം കൊണ്ടുപോയത്.കോർപ്പറേഷനിലെ ആഭ്യന്തര ഓഡിറ്റ് വിഭാഗം വെട്ടിപ്പ് കണ്ടു പിടിച്ച് ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. പിന്നീട് കോന്നിയിലെ ഔട്ട് ലെറ്റിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. അവിടെ നിന്നും 6 ലക്ഷവും കാണാതായി. അതും ഓഡിറ്റ് വിഭാഗം കണ്ടെത്തി.

ഇതേ തുടർന്ന് ഈ ഉദ്യോഗസ്ഥനെ ഷോപ്പ് ഇൻചാർജ് തസ്തികയിൽ നിയമിക്കാൻ പാടില്ലന്ന് ഓഡിറ്റ് വിഭാഗം ശുപാർശ ചെയ്തിരുന്നു. പത്തനംതിട്ട വിൽപ്പനശാലയിൽ നിന്നും തട്ടിപ്പു നടത്തിയ പണത്തിന്റെ 50 ശതമാനം ഇയാളുടേയും ബാക്കി തുക മറ്റ് ജീവനക്കാരിൽ നിന്നും കോർപ്പറേഷൻ തിരിച്ചുപിടിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു തവണയായി ഈ ഉദ്യോഗസ്ഥൻ നടത്തിയ ക്രമക്കേടിന്റെ കെടുതികൾ തീരും മുമ്പ് ഇയാൾ പഴയ ലാവണത്തിൽ എത്തിയതോടെ ജീവനക്കാർ ആശങ്കയിലാണ്. തിരിമറികൾ കോർപ്പറേഷന് ബോധ്യപ്പെട്ടതോടെ ഷോപ്പ് ഇൻ ചാർജർ തസ്തികയിൽ നിന്ന് ഇയാളെ വെയർ ഹൗസിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ സി.പിഎമ്മിലെ ഒരു സഖാവിന്റെ ബലത്തിലാണ് പുതിയ നിയമനം.