വിരുദ്ധാഹരങ്ങളും, തെറ്റായ ആഹാര രീതികളും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ (ഡോ.ഷാബു പട്ടാമ്പി)

വിരുദ്ധാഹരങ്ങളും, തെറ്റായ ആഹാര രീതികളും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ അത്ര നിസാരമല്ല.ഇതു കൊണ്ടുള്ള, രോഗാവസ്ഥകൾ കാണാത്ത ഒരു ദിവസം പോലും ഉണ്ടാകാറുമില്ല..!അതു കൊണ്ട് തന്നെ,ഒരോർമ്മപ്പെടുത്തൽ അനിവാര്യമാണെന്ന് തോന്നുന്നു.ഉഷ്ണം പൂക്കുന്ന വെയിലുച്ചകൾ നനുത്ത സായാഹ്നത്തിലേക്ക് വഴിമാറി ത്തുടങ്ങിയിരുന്നു.
പരിചയത്തിലുള്ള ഒരാളുടെ മകളുടെ വിവാഹ സത്കാരത്തിലാണ് ഞാൻ.അവിടെ ഗസൽ സന്ധ്യ മുറുകുകയാണ്..
ഗുലാം അലിയും മെഹ്ദി ഹസനുമെല്ലാം മാറി മാറി പെയ്തു നിറയുന്നു…🌧
പാട്ടുകളുടെ ആരോഹണ അവരോഹണങ്ങളിലലിഞ്ഞ്,
ഭക്ഷണവും ആസ്വദിച്ച് യാത്ര പറഞ്ഞിറങ്ങവേയാണ്
അവരുടെ ധൃതി പിടിച്ചുള്ള വരവ്.” ഞാൻ ഇവരുടെ വീട്ടിൽ ജോലിക്ക് നിക്വാണ്.ന്റെ മോൾക്ക് ദേഹം മുഴോനും ചൊറിച്ചിലും വലിയ തടിപ്പുമൊക്കേണ്..
കൊറേ മരുന്നൊക്കെ കഴിച്ചു….ഒരു മാറ്റോല്ല….
അവരാ പറഞ്ഞത് സാറിനെ ഒന്നു കാണിക്കാൻ…”
വർത്തമാനത്തിനൊടുവിൽ നാളെ ആശുപത്രിയിലേക്ക് വന്നോളാൻ പറഞ്ഞ് ഞാൻ വീട്ടിലേക്കിറങ്ങി.പിറ്റേ ദിവസം പതിവു രോഗികളുടെ പുരാവൃത്തങ്ങൾക്കിടയിലേക്ക് ഒരു പുതുമുഖം.ബി.ഫാം കഴിഞ്ഞു നിൽക്കുന്ന 24 വയസുകാരി സമീറ.നുണക്കുഴികളുള്ള സുന്ദരി.പക്ഷേ,മുഖത്തും ദേഹത്തുമുള്ള വലിയ വിസ്താരമുള്ള തടിപ്പുകളും ചെതുമ്പലുകളും
അസഹ്യമായ ചൊറിച്ചിലും അവളെ
വിഷാദവതിയാക്കിയിരുന്നു.സോറിയാസിസ് എന്ന് Skin Specialist ന്റെ രോഗ നിർണയം.അതിനായി കഴിഞ്ഞ മൂന്നു മാസമായി മരുന്നുകൾ കഴിച്ചു കൊണ്ടേയിരിക്കുകയാണ് അവൾ.എന്നിട്ടും ശമനമേതുമില്ലാതെ തുടരുന്ന രോഗം.രാത്രി, വളരെ വൈകി ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ശീലമാക്കിയ, പെട്ടെന്നു ദേഷ്യവും സങ്കടവും മാറി മാറി വരുന്ന സമീറയെ വിട്ടുമാറാത്ത ഈ ത്വഗ് രോഗം വിഷാദ രോഗാവസ്ഥയിലേക്ക് നയിച്ചിരുന്നു.ഭക്ഷണ സമയം നേരത്തെയാക്കാനും ആഹാര പഥ്യം നോക്കാനുമെല്ലാം പറഞ്ഞ്, മരുന്നുകൾ കുറിച്ചു കൊടുത്ത് ഒരാഴ്ച കഴിഞ്ഞു വരാനായി പറഞ്ഞയച്ചു.അടുത്ത തവണ വന്നപ്പോൾ രോഗം കുറഞ്ഞിരിക്കുന്നു.
പിന്നേയും ഒന്നു രണ്ടു തവണ കൃത്യമായി അവൾ വന്നു.
അസുഖം നന്നായി കുറഞ്ഞു തുടങ്ങി.
പിന്നെ,കാരണമറിയാത്ത ഒരു ഇടവേള .രോഗം ഒന്നു ശമിക്കുമ്പോൾ തന്നെ അപ്രത്യക്ഷരാകുന്ന ഒട്ടു മിക്ക രോഗികളേയും പോലെ സമീറയുടെ വരവും നിലച്ചു.സമീറയെ ഞാനും മറന്നു,
അന്നൊരു സന്ധ്യയിൽ അപ്രതീക്ഷിതമായ ആ ഫോൺ കോൾ വരുന്നതുവരെ..
”സർ ഞാൻ സമീറയാണ്..
ഇപ്പോൾ ചൊറിച്ചിലും പൊട്ടിയൊലിക്കലുമെല്ലാം വല്ലാതെ കൂടി സർ..
കയ്യിലെ നഖങ്ങളെല്ലാം കറുത്തു കെട്ടു പോയി..
എനിക്കിനി മരിച്ചാ മതീ..”
അവളുടെ കരച്ചിൽ കേട്ട് സ്തബ്ധനായി പോയ നിമിഷം..!
കയ്യിൽ കിട്ടിയ വാക്കുകൾ കൊണ്ട് ആശ്വസിപ്പിച്ച് നാളെ തന്നെ op യിൽ വരാൻ പറഞ്ഞ് ഞാൻ ഫോൺ വച്ചു.അസുഖം മാറിത്തുടങ്ങിയപ്പോഴേക്കും ഭക്ഷണം പഴയ പടി ആക്കിയതിന്റെ പരിണത ഫലം.രണ്ടു ദിവസം കഴിഞ്ഞ് സമീറ വന്നു,
ഉത്കണ്ഠ കലമ്പിച്ച കണ്ണുകളോടെ എന്റെ മുന്നിലിരുന്നു.
രോഗകാരണത്തിലേക്കുള്ള സൂചനകൾ എനിക്കു വീണു കിട്ടിയത് അവളുടെ വാക്കുകളിൽ നിന്നു തന്നെയായിരുന്നു.
”ഉമ്മ, ജോലി ചെയ്യണ വീട്ടിൽ നിന്നും മിക്കവാറും ചിക്കൻ ബിരിയാണിയും തൈര് സാലഡും മറ്റും കൊണ്ടു വരും.അത് രാത്രി കഴിച്ച് ബാക്കിയുള്ളത് ഫ്രിഡ്ജിൽ വച്ച് ചൂടാക്കി രാവിലേം കഴിക്കും..”
ഒന്നിച്ച് ചേർത്തു കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെക്കുറിച്ചും (വിരുദ്ധാഹാരം) അത് അനവസരത്തിൽ നിത്യവും കഴിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥകളെ കുറിച്ചും ആയുർവേദം പറയുന്നുണ്ട്.
ഇത്തരം വിരുദ്ധ ഭക്ഷണം ശീലിക്കുന്നവർക്ക്,
തുടർന്നു നിൽക്കുന്ന പല ത്വഗ് രോഗങ്ങളും (chronic Skin disease )
ഉണ്ടാകുന്ന അനുഭവങ്ങൾ ഏറെ കണ്ടിട്ടുമുണ്ട്.രക്ത ദുഷ്ടിയുടെ പ്രധാന കാരണങ്ങളിലൊന്നാണിത്.നിരന്തരം രാത്രി വൈകി കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നവർക്ക്,fat metabolism ത്തിന്റെ തകരാറു വഴി ഉണ്ടാകുന്ന faty Liver ഉം ( കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ) കൂടി സമീറക്കുണ്ടായിരുന്നു.ഒപ്പം മാനസിക പിരിമുറുക്കം കൂടി ആയതോടെ രോഗം ഈ അവസ്ഥയിലേക്ക് മൂർച്ഛിക്കുകയായിരുന്നു.
ഭക്ഷണ സമയത്തിന്റെയും പഥ്യത്തിന്റെയും പ്രാധാന്യം പറഞ്ഞു കൊടുത്തു.വിഷാദം ലഘൂകരിക്കാൻ പ്രാണായാമവും ധ്യാനവും ചെയ്യാൻ നിർദ്ദേശിച്ചു.ശേഷം കൃത്യമായ ഇടവേളകളിൽ സമീറ OP യിൽ വന്നു പൊയ്കൊണ്ടിരുന്നു.ചൊറിച്ചിലും ചിതമ്പലുകളും ക്രമേണ കുറഞ്ഞു വന്നു തുടങ്ങി.ഒടുവിൽ ,ആയുർവേദത്തിലെ വിഷ ഹര ഔഷധങ്ങൾ കൂടെ ഒരു മാസം കഴിച്ചപ്പോഴേക്കും പാടുകൾ പോലും അവശേഷിക്കാതെ സ മീ റ രോഗമുക്തയായി.ജൂലൈ മാസത്തിലാണ് അവൾ വീണ്ടും വന്നത്.ഇത്തവണ രോഗിയായല്ല.
അവളുടെ കല്യാണമായിരിക്കുന്നു.ക്ഷണിക്കാൻ ഉള്ള വരവാണ്..
കല്യാണം കഴിച്ച് ദുബൈയിലേക്ക് പോകുമ്പോൾ
വീണ്ടും വിരുദ്ധ ഭക്ഷണത്തിന്റെ പിടിയിൽ പെടരുതെന്ന് സ്നേഹത്തോടെ എന്റെ ഉപദേശം.അതൊക്കെ എന്നേ നിർത്തിയെന്ന ഭാവത്തിൽ നിറകൺ ചിരിയോടെ സമീറ യാത്ര പറഞ്ഞിറങ്ങുമ്പോൾ
ആഹാരം തന്നെയാണ് ഔഷധം എന്ന ആചാര്യ വചനം
മനസിലോർക്കുകയായിരുന്ന ഞാൻ .

ഡോ.ഷാബു പട്ടാമ്പി