2 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍; കോവാക്‌സിന് അനുമതി

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവാക്‌സിന് അനുമതി ലഭിച്ചു. രണ്ട് മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് കോവാക്‌സിന്‍ നല്‍കാനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ നല്‍കാന്‍ കോവിഡ് -19 സംബന്ധിച്ച വിഷയ വിദഗ്ധ സമിതി അടിയന്തര ഉപയോഗ അനുമതിയാണ് നല്‍കിയിരിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് സെപ്റ്റംബറില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ കോവാക്സിന്റെ ഘട്ടം -2, ഘട്ടം -3 പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ മാസം ആദ്യം ഡ്രഗ്സ് ആന്‍ഡ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) ട്രയല്‍ ഡാറ്റ സമര്‍പ്പിച്ചു.

വിശദമായ ആലോചനയ്ക്ക് ശേഷം, അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിന് 2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് വാക്സിന്‍ മാര്‍ക്കറ്റ് അംഗീകാരം നല്‍കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തെന്ന് വിഷയ വിദഗ്ധ സമിതി പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്സിന്‍ രണ്ട് ഡോസുകളായി നല്‍കും, ആദ്യ ഡോസിനും രണ്ടാമത്തെ ഡോസിനും ഇടയില്‍ 20 ദിവസത്തെ ഇടവേളയാണുള്ളത്. അടിയന്തിര ഉപയോഗ അംഗീകാരവും ചില വ്യവസ്ഥകള്‍ക്ക് വിധേയമാണ്.

ഡാറ്റ ഉള്‍പ്പെടെയുള്ള സുരക്ഷാ വസ്തുകള്‍ ആദ്യ രണ്ട് മാസങ്ങളില്‍ 15 ദിവസത്തിലൊരിക്കലും അതിനു ശേഷം ഓരോ മാസവും പുതിയ ഡ്രഗ്സ് ആന്റ് ക്ലിനിക്കല്‍ ട്രയല്‍സ് നിയമങ്ങള്‍ 2019 -ന്റെ ആവശ്യകത അനുസരിച്ച് കമ്പനി സമര്‍പ്പിക്കണം.