പഴയകാല തമിഴ് നടന്‍ ശ്രീകാന്ത് അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആദ്യ ചിത്രത്തിലെ നായകനും പഴയകാല നടനുമായ ശ്രീകാന്ത് (81) അന്തരിച്ചു. ചെന്നൈ എല്‍ഡാംസ് റോഡിലുള്ള വസതിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 2.30-നായിരുന്നു അന്ത്യം. സി.വി. ശ്രീധര്‍ സംവിധാനം ചെയ്ത വെണ്ണിറ ആടൈ (1965) എന്ന ചിത്രത്തിലൂടെയാണ് ജയലളിതയും ശ്രീകാന്തും തമിഴ് സിനിമയില്‍ അരങ്ങേറിയത്.

അതിനുശേഷം 50-ഓളം തമിഴ് ചലച്ചിത്രങ്ങളില്‍ നായകനായും 150-ല്‍പരം ചിത്രങ്ങളില്‍ സ്വഭാവ, പ്രതിനായക വേഷങ്ങളിലും അഭിനയിച്ചു. ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, കമല്‍ഹാസന്‍, ശിവകുമാര്‍ തുടങ്ങിയവര്‍ നായകരായ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധേയനായി.

ദിക്കട്ര പാര്‍വതി, നാനാള്‍, തങ്കപ്പതക്കം, പെണ്ണൈ സൊല്ലി കുട്രം ഇല്ലൈ, ഭൈരവി, സട്ടം എന്‍ കൈയില്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. അവസാനമായി അഭിനയിച്ചത് 2009-ല്‍ പുറത്തിറങ്ങിയ ‘കുടിയരശ്’ എന്ന ചിത്രത്തിലാണ്.