ടി20 ക്യാപ്റ്റന്‍സിയില്‍ ധോണിക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

മുംബൈ: ടി20യില്‍ ക്യാപ്റ്റനായി 300 മത്സരങ്ങളെന്ന അപൂര്‍വ റെക്കോര്‍ഡുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഫൈനല്‍ മത്സരത്തില്‍ ചെന്നൈയെ നയിച്ചതോടെയാണ് ധോണി റെക്കോര്‍ഡ് നേട്ടം കുറിച്ചത്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയാണ് രണ്ടാം സ്ഥാനത്ത്. 208 ടി20 മത്സരങ്ങളിലാണ് സമ്മി ക്യാപ്റ്റനായത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കൂടാതെ ഐപിഎലില്‍ തന്നെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെയും രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയെയും ധോണി നയിച്ചിട്ടുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സല്‍മി, രാജ്ഷാഹി കിംഗ്‌സ് എന്നീ ടീമുകളെ നയിച്ചിട്ടുള്ള സമ്മി കരീബിയര്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലൂസിയ, സെന്റ് ലൂസിയ സൂക്ക്‌സ്, സെന്റ് ലൂസിയ സ്റ്റാര്‍സ് എന്നീ ടീമുകളുടെയും ക്യാപ്റ്റനായിട്ടുണ്ട്. ഐപിഎലില്‍ സമ്മി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്നു. വിന്‍ഡീസ് ദേശീയ ടീമിനെയും താരം നയിച്ചിട്ടുണ്ട്.