ഈശോ ജേക്കബ് നിര്യാതനായി

അനിൽ ആറന്മുള

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബ് (70) നിര്യാതനായി. ഹ്യൂസ്റ്റനിൽ നിന്ന് 1988 ൽ പ്രസിദ്ധീകരണം ആരംഭിച്ച മലയാള മനോരാജ്യം എന്ന വാർത്താവാരികയിലൂടെ രംഗപ്രവേശം ചെയ്ത ഈശോ മാധ്യമരംഗത്തു ഉജ്ജ്വല നേട്ടങ്ങൾ കൈവരിച്ചാണ് അരങ്ങൊഴിയുന്നത്. 15 വെള്ളിയാഴ്ച രാവിലെ 11.30 നായിരുന്നു അന്ത്യം.
കോട്ടയം വാഴൂർ ചുങ്കത്തിൽ പറമ്പിൽ കുടുംബാംഗമായ ഈശോ 37 വർഷമായി അമേരിക്കയിലെത്തിയിട്ട്.
ചങ്ങനാശേരി എസ്.ബി കോളജിൽനിന്നും നിന്നും ബിരുദാനനന്തരബിരുദ കോഴ്‌സ് പൂർത്തിയാക്കിയ ഇദ്ദേഹം കോട്ടയം സിഎംഎസ് കോളജിലെയും വാഴൂർ എൻഎസ്എസ് കോളജിലെയും പൂർവ വിദ്യാർത്ഥിയായിരുന്നു.

അമേരിക്കയിലെ മുൻനിര ഇൻഷുറൻസ് കമ്പിനികളിലെ ഫിനാൻഷ്യൽ സർവീസ് പ്രതിനിധിയായി രണ്ടു പതിറ്റാണ്ടിലേറെയായി സേവനം അനുഷ്ഠിക്കുന്നു. പ്രവർത്തന ശൈലികൊണ്ടു തന്നെ ഏവർക്കും പ്രിയങ്കരനാണ് ഇദ്ദേഹം. ലൈഫ് അണ്ടർറൈറ്റേഴ്‌സ് ട്രെയിനിംഗ് കൗൺസിൽ, അമേരിക്കൻ കോളജ് പെൻസിൽവാനിയയുടേയും ഫെലോഷിപ്പ് നേടിയിട്ടുണ്ട്.

കേരളത്തിലും അമേരിക്കയിലും റെസിഡന്റിൽ മേഖലയിലും കൊമേഴ്‌സ്യൽ മേഖലയിലും ലാൻഡ് ഡെവെലപ്‌മെന്റ് സ്ഥാപനമായ
ഈശോ പ്രോപ്പർട്ടീസിന്റെ ഉടമയാണ് ജേക്കബ് ഈശോ. ഹൂസ്റ്റണിലെ ഇന്തോ അമേരിക്കൻ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയർമാനായിരുന്നു. ചങ്ങനാശേരി സെന്റ് വിൻസന്റ് ഡീ പോൾ സെമിനാരിയിൽ അധ്യാപകൻ, മലയാള മനോരമയിൽ സബ് എഡിറ്റർ ട്രെയിനി, കറസ്‌പോണ്ടന്റ്, ഫോർട്ട് ബെന്റ് സ്റ്റാർ ന്യൂസ് വീക്കിലി പ്രൊഡക്ഷൻ മാനേജർ, വോയിസ് ഓഫ് ഏഷ്യ എഡിറ്റർ, അക്ഷരം ഇന്റർനാഷണൽ മലയാളം മാഗസിൻ റസിഡന്റ് എഡിറ്റർ, ഏഷ്യൻസ് സ്‌മൈൽസ്, ഹൂസ്റ്റൺ സ്‌മൈൽസ് എന്നീ മാഗസിനുകളുടെ പബ്ലീഷർ, ന്യൂ ഇംഗ്ലണ്ട് ബിസിനസ് സർവീസിൽ സെയിൽസ് കൺസൾട്ടന്റ്, കിൻകോസ് കോർപ്പറേഷൻ കമ്പ്യൂട്ടർ സർവീസസ് കൺസൾട്ടന്റ്, കേരളാ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തനമനുഷ്ഠിച്ചിട്ടുണ്ട്.

ശ്രീമതി റേച്ചൽ ഈശോ ആണ് ഭാര്യ. മൂന്ന് ആൺമക്കളുമുണ്ട്. സംസ്‌കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. .