ഒരു കവിത, അതിനെന്താ പാട്…?(കവിത -ലീഷാ മഞ്ജു)

ടിത്തട്ടിൽ ഉറഞ്ഞുകൂടിയ അടരുകൾ
പൊടിയാതെ പതിയെ വേർപെടുത്തി
ഇടയിൽ പറ്റിപ്പിടിച്ച ഫോസിലുകൾ
കൂട്ടിച്ചേർത്തുവെക്കണം.

പൊള്ളിയ, ഉരുകിയ, തകർന്ന ഭ്രാന്തരാത്രികളും
കലണ്ടറിൽ കാണാതായ പകലുകളും
സൂര്യ-ചന്ദ്രൻ അലിഞ്ഞൊലിച്ച ത്രിസന്ധ്യകളും
തേടിയെടുത്ത്‌ നുള്ളിക്കീറി നോക്കണം.

കണ്ണിനുള്ളിൽ വച്ച് വറ്റി, ബാഷ്പീകരിച്ച
വാറ്റുകൂട്ട് പൂഴ്‌ത്തിയ അറകൾ തുറക്കണം.

കാലങ്ങളിലൂടെ ഉരുക്കിവാർത്ത,
അടിച്ചു പതം വരുത്തിയ വാക്കുകൾ
തുരുന്പുകൂട്ടത്തിന് ഇടയിൽനിന്നു
തപ്പിപ്പെറുക്കണം.
അത്രേയുള്ളു.