വരൻ ഉക്രൈനിൽ,വധു കേരളത്തിൽ! പുനലൂരിൽ സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം

പുനലൂര്‍: സംസ്ഥാനത്തെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയുളള ആദ്യ വിവാഹത്തിന് വേദിയായി പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ്. യുക്രൈനില്‍ ജോലി ചെയ്യുന്ന പുനലൂര്‍ ഇളമ്പല്‍ സ്വദേശി ജീവന്‍കുമാറും കഴക്കൂട്ടം സ്വദേശി ധന്യ മാര്‍ട്ടിനുമാണ് ഓണ്‍ലൈനായി വിവാഹിതരായത്. സബ് രജിസ്ട്രാര്‍ ടി എം ഫിറോസിന്റെ മേല്‍നോട്ടത്തിലാണ് ചടങ്ങ് നടന്നത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യുക്രൈനില്‍ ജോലി ചെയ്യുന്ന ജിവന്‍കുമാറിന് നാട്ടിലെത്താന്‍ സാധിക്കാതെ വന്നപ്പോഴാണ് ഓണ്‍ലൈനായുളള വിവാഹത്തിന് തയ്യാറെടുത്തത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മാര്‍ച്ചില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജീവന്‍കുമാറിന് നാട്ടിലെത്താന്‍ സാധിച്ചില്ല.

ഇതിനെതുടര്‍ന്ന് അപേക്ഷയുടെ കാലാവധി നീട്ടണമെന്നും, സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി  വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായതിനെ തുടര്‍ന്ന് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വിവാഹം നടത്തുകയായിരുന്നു. അച്ഛന്‍ ദേവരാജാണ് ജീവന്‍കുമാറിന് പകരം രജിസ്റ്ററില്‍ ഒപ്പുവെച്ചത്. ഡിജിറ്റല്‍ വിവാഹത്തിന് സര്‍ക്കാരിന്റേയും, വിദേശകാര്യമന്ത്രാലയത്തിന്റേയും, ഐടി വകുപ്പിന്റേയും അഭിപ്രായം തേടിയിരുന്നു.