കുഞ്ഞിനെ ദത്തു നല്‍കിയ സംഭവം; അനുപമയുടെ മാതാപിതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് പ്രതികളും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.

കേസില്‍ ആറുപേരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടിസ് നല്കാന്‍ അന്വേഷണ സംഘം നേരത്തെ തീരുമാനിച്ചിരുന്നു. പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ഉള്‍പ്പടെ ആറുപേരെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്.

അതേസമയം, കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ ജനന രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള രേഖകളാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കാട്ടാക്കടയിലെ ആശുപത്രിയിലെയും പഞ്ചായത്തിലെയും രേഖകളാണ് ശേഖരിച്ചത്.