മുഖ്യമന്ത്രിയെ തമിഴ്‌നാട് ഉപയോഗിച്ചു, മുല്ലപ്പെരിയാറില്‍ അയഞ്ഞു കൊടുത്തത് എന്തിനെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിയമസഭയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്‌നാട് ഉപയോഗിച്ചു എന്നാരോപിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞു.

സുപ്രീംകോടതിയില്‍ കൃത്യമായി കേസ് നടത്തിയില്ലെന്ന് ആരോപിച്ച രമേശ് ചെന്നിത്തല ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തിരിച്ചടിയായി എന്നും പറഞ്ഞു.

അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ ആശങ്ക പടര്‍ത്തരുത് എന്ന് മാത്രമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നായിരുന്നു മന്ത്രി പി രാജീവിന്റെ വിശദീകരണം. 142 അടി എന്ന പഴയ ഉത്തരവില്‍ നിന്ന് 139 അടിയെന്ന അഭിപ്രായത്തിലേക്ക് സുപ്രീംകോടതി എത്തിയത് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട് മൂലമാണെന്ന് പി രാജീവ് പറഞ്ഞു.

136 അടിയെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാഷ്ട്രീയ പരിഹാരം കാണുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെ ബാബുവും ആരോപിച്ചു.

നെയ്യാറില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നയതന്ത്ര പരാജയമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ എപ്പോഴും ശ്രമിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കി.