വരും തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കണം ; മോദി

ന്യൂഡല്‍ഹി: കാലാവസ്ഥ വ്യതിയാനം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം കര്‍ഷകര്‍ക്ക് സംഭവിക്കുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉജ്ജ്വല യോജന, ക്ലീന്‍ ഇന്ത്യ മിഷന്‍ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടെന്നും ഉച്ചകോടിയില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.

കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട രീതികള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. വരും തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് മറ്റു ലോക നേതാക്കളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നേരത്തെ റോമില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഗ്ലാസ്‌ഗോയില്‍ എത്തിയത്.