ജനങ്ങളെ വഴി തടഞ്ഞല്ല സമരം നടത്തേണ്ടത്, ജോജുവിനെ ആക്രമിച്ചത് തെറ്റെന്ന് വേണുഗോപാല്‍

ന്യൂഡല്‍ഹി: വിവാദമായി മാറിയ കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തെ തളളി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്ത്. സമരത്തെ വിമര്‍ശിച്ച നടന്‍ ജോജു ജോര്‍ജിനു നേരെയുണ്ടായ അതിക്രമത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വഴി തടയല്‍ സമരം ഒഴിവാക്കേണ്ടതായിരുന്നെന്നും, വിമര്‍ശനം നടത്തുന്നവരെ ആക്രമിക്കുന്നത് ശരിയല്ല. ജോജു പ്രതിഷേധവുമായി എത്തിയ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് കരുതുന്നതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

നേരത്തേ, വഴിതടയല്‍ സമരത്തെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. വഴിതടയല്‍ സമരത്തിന് താന്‍ വ്യക്തിപരമായി എതിരാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് രാവിലെയാണ് ഇടപ്പള്ളി-വൈറ്റില ദേശീയ പാതയില്‍ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തിയത്. എന്നാല്‍ ദേശീയ പാതയില്‍ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ പ്രവേശനം. കാറില്‍ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

കോണ്‍ഗ്രസിനെ നാണം കെടുത്താനുള്ള സമരമാണെന്നും ജനജീവിതം ബുദ്ധിമുട്ടിലാക്കരുതെന്നും ജോജു പറഞ്ഞു. ജോജുവിന്റെ കാര്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. അതേസമയം ജോജു മദ്യപിച്ച് സമരം സംഘര്‍ഷത്തിലാക്കാന്‍ ശ്രമിച്ചെന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തി.

തുടര്‍ന്ന് പൊലീസ് ഇടപ്പെട്ടാണ് നടനെ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്ന് മാറ്റിയത്. അതിനിടെ വൈദ്യപരിശോധനയില്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.