കലയും കലാകാരനും (കവിത -സുലൈമാൻ പെരുമുക്ക് )

കല

കല
ഭൂമിയിലെ
ഉപ്പാണ്!

പുഴ്ത്ത്
പോകാതിരിക്കാൻ
ഉപ്പിലിട്ടുവെക്കുന്നത്
ഉപ്പു പഠിപ്പിച്ചപോലെ
സമൂഹം ചീഞ്ഞു പോകാതിരിക്കാൻ
കലയും പലതും പഠിപ്പിക്കുന്നുണ്ട്!!

രുചിയുടെ
രാജാവെന്നും
ഉപ്പായതുപോലെ
സമൂഹത്തിൽ
കലയാണ് രാജാവ്.

2 കലാകാരൻ

തുറന്ന
ജയിലിലകപ്പെട്ടാലും
നാവറുക്കപ്പെട്ടവന്റെ
നാവായിക്കൊണ്ട്
നട്ടെല്ലുനിവർത്തി
ഇരുളിനെ പിളർക്കുന്ന
കൊള്ളിയാൻ
വെട്ടമാകും കലാകാരൻ

നീതിയുടെ മുന്നിൽ
കൈകൂപ്പി നില്ക്കുന്ന
കലാകാരന്റെ തൂലിക
നീതികേടിന്റെ മുന്നിൽ
നെഞ്ചുവിരിച്ചു
നില്ക്കുന്നതു കാണാം.

കലാകാരൻ
വില്ലനായാലും
കലയൊരിക്കലും
വില്ലനെ വിജയിപ്പിച്ച ചരിത്രമില്ലെന്നതാണ് സത്യം..!