അമ്പലപ്പുഴയില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ വോട്ട് കുറഞ്ഞിട്ടില്ലെന്നും, മറിച്ച് വോട്ട് കുറഞ്ഞത് ആലപ്പുഴയിലാണെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇന്ന് നടന്ന സിപിഐഎം സംസ്ഥാന സമിതിയിലാണ് ജി സുധാകരന്റെ വിശദീകരണം.

അതേസമയം പാര്‍ട്ടി അച്ചടക്ക നടപടിയില്‍ ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എകെജി സെന്ററിന് മുന്നിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവര്‍ത്തനം സംബന്ധിച്ച പരാതിയിലാണ് മന്ത്രി ജി സുധാകരന് പരസ്യശാസന നല്‍കാന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട് കമ്മിറ്റിയില്‍ അംഗീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ താക്കീത്, ശാസന, പരസ്യശാസന എന്നിങ്ങനെയാണ് പാര്‍ട്ടിയുടെ നടപടി ക്രമങ്ങള്‍. സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനായി പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ചയുണ്ടായെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. എളമരം കരീമും കെ.ജെ.തോമസും അംഗങ്ങളായുള്ള കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്.