കര്‍ഷകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്രം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെ കര്‍ഷകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു എന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷകരുടെ പ്രതിഷേധ സമരങ്ങള്‍ക്ക് പിന്നാലെയാണ് നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഐതിഹാസികമായ കര്‍ഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂര്‍ണമായ ലോകനിര്‍മ്മിതിയ്ക്കായി നടക്കുന്ന വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യന്‍ കര്‍ഷകര്‍ രചിച്ചിരിക്കുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു.