ജിഗോലോ;ഭാഷയും ആഖ്യാനവും ലളിതം സുന്ദരം (സജിത വിവേക്)

ക്ഷരങ്ങൾകൊണ്ട് അതിജീവനത്തിന്റെ പുതിയ വഴികൾ കണ്ടെത്തുന്ന മുഖം ബുക്സിന്റെ പുതിയ പുസ്തകം വിഷ്ണു .പി.കെ യുടെ ‘ജിഗോലോ’ വിഷ്ണുവിന്റെ അമ്മയും കൂടെ ഇരുപത്തിമൂന്നു അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ഞാനും മോനും പ്രകാശനം ചെയ്തു.

അക്ഷരം’ എന്നാൽ ഒരിയ്ക്കലും നശിക്കാത്തത് എന്നാണല്ലോ അർത്ഥം. ജീവിതത്തിലുടനീളം നാവിൻ തുമ്പിൽ അറിവ് ഒരു അനുഗ്രഹമായി നിലകൊള്ളണമെന്നു ആഗ്രഹിക്കുകയും അതിനുവേണ്ടി നിരന്തരം പ്രവർത്തിക്കുകയും അറിവ് സമ്പാദിക്കുകയും ചെയ്യുന്നവരാണ് നാം ഓരോരുത്തരും. നല്ല വാക്കോതുവാൻ കഴിയണമെന്ന പ്രാർത്ഥനയോടെ തുടങ്ങുന്ന ഓരോ ദിനങ്ങളിലും മോശം വാക്ക് നമ്മുടെ നാവിൻതുമ്പിൽ വരരുതെന്നും ആഗ്രഹിക്കാറുണ്ടല്ലോ. അതിന് അമ്മയും അക്ഷരവും തുണയാവുന്നു.

അക്ഷരവും അമ്മയും നാം ഹൃദയത്തിൽ ചേർത്തുവെയ്ക്കുന്നതും അതിന്റെ മഹത്വം അത്രയും ഉന്നതിയിലുമാണ്.
ആദ്യമായി എഴുതിയ നോവൽ അമ്മ പ്രകാശനം ചെയ്യുന്നതിൽപ്പരം അനുഗ്രഹം മറ്റൊന്നില്ല. അതിനൊപ്പം 24 അമ്മമാരും കുഞ്ഞുങ്ങളും.

മുഖം എഡിറ്റർ ശ്രീ അനിൽപെണ്ണുക്കര വിഷ്ണുവിന്റെ ജിഗോലോ യെക്കുറിച്ചു ശൂന്യതകളിൽ നിന്നും ജീവിതം നെയ്തെടുക്കാൻ ഒരു ചിലന്തിയെപ്പോലെ കാത്തിരിക്കുന്ന കഥാപാത്രത്തിന്റെ നിർണ്ണായകമായ ഒരു യാത്രയാണെന്ന് അടയാളപ്പെടുത്തുന്നു.

വിഷ്ണുവിന്റെ നോവൽ ‘ജിഗോലോ’ യുടെ യാത്ര തുടങ്ങുന്നത് ഒരു തീവണ്ടിയിൽനിന്നുമാണ്. മനോഹരമായ ഒരു യാത്ര വായനയിലുടനീളം ആസ്വദിക്കാം.. ഭാഷയും ആഖ്യാനവും ലളിതം സുന്ദരം… ഈ നോവലിലൂടെ വിഷ്ണുവിനെ എഴുത്തിന്റെ ലോകത്തു അടയാളപ്പെടുത്തുക തന്നെ ചെയ്യും…

സജിത വിവേക്