നാഗാലാന്‍ഡ് കൂട്ടക്കൊല; അന്വേഷണത്തിനു പ്രത്യേക സംഘം, നിയമപരമായി നടപടി

ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും, അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നും അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു.

അതേസമയം അമിത് ഷായുടെ മറുപടി തൃപ്തികരമല്ലെന്നു പ്രതിപക്ഷം ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയം മുതിര്‍ന്ന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച ചെയ്തു. 14 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് ഖേദമുണ്ടെന്നും അമിത് ഷാ ലോക്‌സഭയില്‍ അറിയിച്ചു.

ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെവച്ച് സംഭവം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്നതിന് എഎഫ്എസ്പിഎ പോലുള്ള വിവാദ നിയമങ്ങള്‍ നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആയുധമില്ലാതെയെത്തിയ സാധാരണക്കാരെ ആയുധധാരികളായ അക്രമകാരികളായി എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടെന്ന് മനസ്സിലായാല്‍ കൊള്ളാമെന്ന് ഗൗരവ് ഗൊഗോയ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.