‘അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല’ ബിപിന്‍ റാവത്തിന് അനുശോചനമര്‍പ്പിച്ച് മോദി

ന്യൂഡല്‍ഹി: ഊട്ടിയിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും അദ്ദേഹത്തിന്റെ ഭാര്യയടക്കമുള്ളവര്‍ക്കും ആദരാജ്ഞലി അര്‍പ്പിച്ച് രാജ്യം. ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ അത്യന്തം ദുഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

”മികച്ചൊരു സൈനികനായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളേയും നവീകരിക്കുന്നതില്‍ വളരെയധികം സംഭാവനകള്‍ നല്‍കി. പ്രതിരോധ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും അസാധാരണമായിരുന്നു.

അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വേദന വളരെ വലുതാണ്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന നിലയില്‍, പ്രതിരോധസേനകളുടെ പരിഷ്‌കരണമടക്കം നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുമായി ജനറല്‍ റാവത്ത് സഹകരിച്ചു. കരസേനയിലെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയവുമായാണ് അദ്ദേഹം സംയുക്ത സൈനികമേധാവി സ്ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല” പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.