മന്ത്രി ആര്‍ ബിന്ദു നടത്തിയത് ഗുരുതര സത്യപ്രതിജ്ഞാ ലംഘനം; രാജിവയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. സ്വജന പക്ഷാപാതമാണ് മന്ത്രി നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. ഇക്കാര്യത്തില്‍ ലോകായുക്തയില്‍ നാളെ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചാന്‍സലര്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് പ്രോ ചാന്‍സലര്‍ ആയ മന്ത്രിക്ക് പ്രവര്‍ത്തിക്കാനാകുന്നെതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നതിന് തെളിവ് പുറത്തുവന്നതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

കണ്ണൂര്‍ വി സി പുനര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആര്‍ ബിന്ദുവിന്റെ കത്ത് ഇന്ന് പുറത്തുവന്നിരുന്നു. അക്കാദമിക് മികവ് നിലനിര്‍ത്താന്‍ ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്കാണ് മന്ത്രി കത്ത് നല്‍കിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം.