കണ്ണൂര്‍ വിസി നിയമനം; കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കോടതി വിധിയെ സ്വാഗതം ചെയ്ത് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. വിസി നിയമനത്തില്‍ അപാകതയുള്ളതായി കോടതി കണ്ടിട്ടില്ലെന്നും വിധി വിസിക്ക് തുടരാനുള്ള അനുവാദം നല്‍കുന്നതാണെന്നും മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

”ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. നിയമനത്തില്‍ അപാകതകള്‍ ഉള്ളതായി ഹൈക്കോടതി കണ്ടിട്ടില്ല. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നതാണ് കോടതി വിധി. ചാന്‍സലറും പ്രോ ചാന്‍സലറും തമ്മിലുള്ള ആശയ വിനിമയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പരസ്യമായി ചര്‍ച്ച ചെയ്യുന്നത് ഡിപ്ലോമാറ്റിക് രീതിയല്ല. ഗവര്‍ണര്‍ എന്റെ പിതാവിനെക്കാള്‍ പ്രായമുള്ള വ്യക്തിയാണ്. അനുഭവസമ്പത്തുള്ള ജീവിതം പരിചയം കൊണ്ട് ഉയര്‍ന്ന വ്യക്തിയാണ്. കത്ത് പുറത്ത് വിട്ടത് മാന്യതയല്ല”. മന്ത്രി പറഞ്ഞു.

മാധ്യമങ്ങളുടെ വിചാരണയ്ക്ക് വിധേയമാകാനില്ലെന്നും മന്ത്രി പറഞ്ഞു. സേര്‍ച്ച് കമ്മറ്റി പിരിച്ച് വിട്ടത് ഗവര്‍ണറോട് ചോദിക്കുവെന്നും അത് മാധ്യമങ്ങളോട് ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.