മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. രാജ്യത്തെ ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്.

ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് നടന്ന സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ‘ആള്‍ക്കൂട്ടക്കൊലയുടെ പിതാവായ രാജീവ് ഗാന്ധിയെ കാണൂ..സിഖുകാര്‍ക്കെതിരായ രക്തരൂക്ഷിത വംശഹത്യയെ ന്യായീകരിക്കുകയാണ്. ‘രക്തത്തിന് രക്തംകൊണ്ട് പ്രതികാരം ചെയ്യൂ’ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസുകാര്‍ തെരുവുകള്‍ മുഴുവന്‍ കീഴടക്കി.

സ്ത്രീകളെ ബലാത്സംഗം ചെയ്തു. സിഖുകാരുടെ കഴുത്തില്‍ കത്തുന്ന ടയറുകള്‍ അണിയിച്ചു, അഴുക്കുചാലുകളില്‍ സിഖുകാരുടെ മൃതദേഹങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിക്കുകയായിരുന്നു’രാജീവ് ഗാന്ധി പ്രസംഗിക്കുന്ന വീഡിയോയുടെ കൂടെ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

1969 മുതല്‍ 1993 വരെ കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന കലാപങ്ങളുടെ ലിസ്റ്റും മാളവ്യ പോസ്റ്റ് ചെയ്തു. ”അഹമ്മദാബാദ് (1969), ജാല്‍ഗോണ്‍ (1970), മൊറാദാബാദ് (1980), നെല്ലി (1983), ഭിവണ്ടി (1984), ഡല്‍ഹി (1984), അഹമ്മദാബാദ് (1985), ഭഗല്‍പൂര്‍ (1989), ഹൈദരാബാദ് (1990) കാണ്‍പൂര്‍ (1992), മുംബൈ (1993)…..”

‘ ഇത് ചെറിയൊരു ലിസ്റ്റാണ്, ചെറിയൊരു ലിസ്റ്റാണ്, നെഹ്‌റുഗാന്ധി പരിവാറിന് കീഴില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്”മാളവ്യ ട്വീറ്റ് ചെയ്തു.