വാക്‌സിന്‍ അസമത്വത്തിനെതിരെ ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ മറികടക്കാന്‍ അധിക കോവിഡ് ഡോസുകള്‍ നല്‍കാനുള്ള സമ്പന്നരാജ്യങ്ങളുടെ നീക്കത്തെ അപലപിച്ച് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനം. ഇത്തരം നടപടികള്‍ വാക്‌സിന്‍ അസമത്വം വര്‍ധിപ്പിക്കുകയാണ് ചെയ്യുകയെന്നും മഹാമാരിയെ ഒറ്റക്ക് മറികടക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകളും അധിക ഡോസുകളും നല്‍കുന്ന സാഹചര്യത്തിലാണ് വിമര്‍ശനം. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് അധിക ഡോസ് നല്‍കുന്നതിന് പകരം, ദരിദ്ര രാഷ്ട്രങ്ങളിലെ രോഗസാധ്യതയുള്ള ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ധാരാളം വാക്‌സിന്‍ വാങ്ങിക്കൂട്ടിയ സമ്പന്ന രാജ്യങ്ങള്‍ തന്നെ വീണ്ടും വാക്‌സിന്‍ വാങ്ങുകയും ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കിട്ടാതാവുകയും ചെയ്യുമ്പോള്‍ മഹാമാരി ലോകത്ത് കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന സാഹചര്യമാണ് വരിക. ഇത് വൈറസിന് വ്യാപിക്കാനും ജനിതകമാറ്റം വരുത്താനും ആവശ്യമായ സമയം നല്‍കലാണെന്ന് ടെഡ്രോസ് അഥാനം പറഞ്ഞു.

ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കല്‍ സമ്പന്നരാജ്യങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തെയും ആവശ്യപ്പെട്ടിരുന്നു. സമ്പന്നരാജ്യങ്ങളിലെ 67 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭ്യമായതായാണ് കണക്ക്. എന്നാല്‍, ദരിദ്രരാജ്യങ്ങളില്‍ 10 ശതമാനത്തിലും താഴെ മാത്രമാണ് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നാലില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും വാക്‌സിന്‍ ലഭിക്കാതെയാണ് കോവിഡിനെതിരെ പോരാടുന്നതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.