കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഐ എം നിലപാട് അന്ധമായ കോണ്‍ഗ്രസ് വിരോധംകൊണ്ട്

തിരുവനന്തപുരം: ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഐഎം നിലപാട് അന്ധമായ കോണ്‍ഗ്രസ് വിരോധംകൊണ്ടാണെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍. സിപിഐഎം നിലപാട് ബിജെപിക്ക് വഴിയൊരുക്കുന്നതാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സംഖ്യം വേണ്ടെന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയെ അധികാരത്തിലെത്തിച്ചത് അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. അനുയോജ്യമായ സഖ്യമുണ്ടാക്കുന്നതിന് പകരം സിപിഐഎം നിഷേധാത്മക സമീപനം സ്വീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി എല്ലാ പാര്‍ട്ടികളും ബിജെപിക്കെതിരെ വരുന്നതിനെ എതിര്‍ക്കുന്ന നിലപാടാണിത്. ഇത് പ്രതിപക്ഷത്തിന്റെ യോജിപ്പിനെ ഇല്ലാതാക്കുന്നതാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അതേസമയം, അബ്ദു സമദ് പൂക്കോട്ടൂര്‍ കമ്മ്യൂണിസ്റ്റ് നിലപാട് സ്വീകരിച്ചുവെന്നു പറയുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നും ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.