കോട്ടയത്തെ ദളിത് ഹര്‍ത്താലില്‍  സി.പി.എം വോട്ട് ബാങ്ക് തകരുമോ?

പരിഭ്രാന്തിയില്‍ സി.പി.എം ജില്ലാ നേതൃത്വം

പരക്കെ അക്രമം

ഹര്‍ത്താല്‍ ദളിത് വിദ്യാര്‍ഥിയെ എസ്.എഫ്.ഐ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് 

കോട്ടയം: സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് ചേരമ-സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കേ അക്രമം. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി  ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.

അംബേദ്കര്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞദിവസം കോട്ടയം എംജി സര്‍വകലാശാല കാമ്പസിലെ ദളിത് വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് രോഹിത് വെമുലയുടെ ഓര്‍മ്മദിനമായ ഇന്ന് ഹര്‍ത്താല്‍ നടത്താന്‍ ദളിത് സംഘടനകള്‍ തീരുമാനിച്ചത്. ബി.എസ്.പിയും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ദളിത് വിഭാഗങ്ങള്‍ക്ക് ഏറെ വേരോട്ടമുള്ള കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, പാമ്പാടി, വാഴൂര്‍,വൈക്കം എന്നീ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ശക്തമാണ്. വൈകുന്നേരം ഇവിടങ്ങളില്‍ ശക്തിപ്രകടനം നടത്തുമെന്നും സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ജില്ലയിലെ ഈഴവ ദളിത് സമുദായങ്ങള്‍ മാത്രം വോട്ടുബാങ്കായ സി.പി.എം നേതൃത്വത്തെ കോട്ടയത്തെ സംഭവവികാസങ്ങള്‍ ഞെട്ടിച്ചിട്ടുണ്ട്. കാലങ്ങളായി ജില്ലയിലെ ദളിത് വിഭാഗങ്ങളുടെ വോട്ടില്‍ ഏറിയപങ്കും സി.പി.എമ്മിനാണ് ലഭിച്ചുകൊണ്ടിരുന്നത്. ഈ വോട്ടുകളാണ് വൈക്കം പോലുള്ള മണ്ഡലങ്ങള്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനുമൊപ്പം എന്നും ഉറച്ചുനില്‍ക്കാന്‍ കാരണവും. ഈ സാഹചര്യത്തില്‍ ദളിത് വിഭാഗങ്ങള്‍ പാര്‍ട്ടിക്ക് സമാന്തരമായി സംഘടിക്കുകയും സി.പി.എമ്മിന്റെ ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുന്നത് ജില്ലയില്‍ പാര്‍ട്ടിയെ ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍.

സ്വാശ്രയ കേളജുകള്‍ക്കെതിരായ സമരം കത്തിനില്‍ക്കുന്നതിനിടെ എ.ജി സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥി എസ്.എഫ്.ഐയുടെ ക്രൂരപീഡനത്തിനിരയായത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ പീഡനത്തനിരയായ വിദ്യാര്‍ഥിയെ സംരക്ഷിക്കാനോ പിന്തുണ അറിയിക്കാനോ സി.പി.എം നേതാക്കളോ മന്ത്രിമാരോ രംഗത്തെത്താത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ദളിത് വിഭാഗങ്ങള്‍ക്കിടയിലുണ്ടായ ഈ കടുത്ത അതൃപ്തി ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാമെന്ന ലക്ഷ്യവുമായാണ് ചേരമര്‍ സൊസൈറ്റി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.