‘ബുദ്ധദേവ് ഭട്ടാചാര്യ സിംഗൂരിലും നന്ദിഗ്രാമിലും ജനങ്ങളെ വെല്ലുവിളിക്കാന്‍ നോക്കിയിരുന്നു’, ചരിത്രം മറക്കേണ്ടെന്ന് വി.ടി ബല്‍റാം

കണ്ണൂരില്‍ കെ റെയില്‍ ജന സമക്ഷം പരിപാടിയിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പി കൃഷ്ണപിള്ളയുടെ വാക്കുകള്‍ ഉദ്ധരിച്ചും പശ്ചിമ ബംഗാളിലെ സിംഗൂര്‍ നന്ദീഗ്രാം സംഭവങ്ങളും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ബല്‍റാമിന്റെ പ്രതികരണം. കെ റെയിലിനെതിരെ സമാധാനപരമായി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തന്ന കയ്യേറ്റത്തെ ന്യായീകരിച്ചും സമരം ചെയ്യാനെത്തിയവരെ പരിഹസിച്ചും അര്‍മ്മാദിക്കുന്നവരോട് പറയാനുള്ളത് പണ്ട് കൃഷ്ണപിള്ള പറഞ്ഞതിന്റെ കാലികമായ ആവര്‍ത്തനം മാത്രമാണ് കണ്ണൂരില്‍ കണ്ടത് എന്നും വിടി ബല്‍റാം പറയുന്നു. ഉശിരുള്ള യുവജന സംഘടനാ പ്രവര്‍ത്തകള്‍ ജനങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തും, കെ-ഭൂതത്തിന്റെ ഇലനക്കികളായ യുവജന സംഘടനക്കാര്‍ അവരുടെ പുറത്തടിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ‘ഉശിരുള്ള നായര്‍ മണിയടിക്കും, ഇല നക്കി നായര്‍ പുറത്തടിക്കും’ എന്ന വാചകത്തെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു.

ചരിത്രം ആവര്‍ത്തിക്കപ്പെടുന്നത് ഈ ലോകം പലപ്പോഴായി കാണേണ്ടിവന്നിട്ടുണ്ടെന്നും വിടി ബല്‍റാം ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പമാണ് വലിയ ആക്രമി സംഘത്തോടൊപ്പം ബുദ്ധദേവ് ഭട്ടാചാര്യ പശ്ചിമ ബംഗാളില്‍ സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ ജനങ്ങളെ വെല്ലുവിളിക്കാന്‍ നോക്കിയത് എന്നും ബല്‍റാം പറയുന്നു. പോസ്റ്റ് പുര്‍ണരൂപം- ക്ഷേത്ര പ്രവേശനമാവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ഗുരുവായൂര്‍ സത്യാഗ്രഹ സമയത്ത് പി കൃഷ്ണപിള്ള എന്ന യുവ കോണ്‍ഗ്രസ് വളണ്ടിയര്‍ അമ്പലത്തിനകത്ത് കയറി മണിയടിച്ചു. ജാതിയുടെ തട്ടുകള്‍ വച്ച് നോക്കുമ്പോള്‍ കൃഷ്ണപിള്ളക്ക് അന്നും ക്ഷേത്രപ്രവേശനത്തിന് വിലക്കില്ല. എന്നാല്‍ തങ്ങളല്ലാത്ത മറ്റ് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് ജാതിമേധാവിത്വത്തിനെതിരെ അന്ന് ആ സത്യാഗ്രഹികള്‍ മുന്നോട്ടുവന്നത്.

കൃഷ്ണപിള്ളയുടെ സമാധാനപരമായ ആ സമര നീക്കത്തോട് ജാതി പ്രമാണിമാരുടെ ഗുണ്ടകള്‍ പ്രതികരിച്ചത് അതിക്രൂരമായ മര്‍ദ്ദനങ്ങളിലൂടെയാണ്. അദ്ദേഹത്തെയവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. സ്വയം നായരായിട്ടും മറ്റ് നായര്‍ പ്രമാണിമാരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ കൃഷ്ണപിള്ള പറഞ്ഞ മറുപടി ചരിത്രത്തിന്റെ ഭാഗമാണ്. ‘ഉശിരുള്ള നായര്‍ മണിയടിക്കും, ഇല നക്കി നായര്‍ പുറത്തടിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് കണ്ണൂരില്‍ കെ റെയിലിനെതിരെ സമാധാനപരമായി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ നടത്തിയ അക്രമത്തെ ന്യായീകരിച്ചും സമരം ചെയ്യാനെത്തിയവരെ പരിഹസിച്ചും അര്‍മ്മാദിക്കുന്നവരോട് പറയാനുള്ളത് പണ്ട് കൃഷ്ണപിള്ള പറഞ്ഞതിന്റെ കാലികമായ ആവര്‍ത്തനം മാത്രമാണ്. ഉശിരുള്ള യുവജന സംഘടനാ പ്രവര്‍ത്തകള്‍ ജനങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തും, കെ-ഭൂതത്തിന്റെ ഇലനക്കികളായ യുവജന സംഘടനക്കാര്‍ അവരുടെ പുറത്തടിക്കും.ഇതിനേക്കാള്‍ വലിയ മിലിഷ്യയുടെ അകമ്പടിയോട് കൂടിയാണ് ബുദ്ധദേവ് ഭട്ടാചാര്യ പശ്ചിമ ബംഗാളില്‍ സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ ജനങ്ങളെ വെല്ലുവിളിക്കാന്‍ നോക്കിയത് എന്നും മറക്കണ്ട. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നത് ഈ ലോകം പലപ്പോഴായി കാണേണ്ടിവന്നിട്ടുണ്ട്.