റിപ്പബ്ലിക് ദിന പരേഡ്; വിവിധ കാലഘട്ടങ്ങളിലെ യൂണിഫോം ധരിച്ച് സൈനികര്‍ അണിനിരക്കും

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ വിവിധ കാലഘട്ടങ്ങളിലെ യൂണിഫോം ധരിച്ചായിരിക്കും സൈനികരുടെ മാർച്ച്. 1950 മുതൽ ഇതുവരെയുള്ള യൂണിഫോമുകളും ആയുധങ്ങളുമാണ് പരേഡിന് നിറംപകരുക. 1950, 1960, 1970 കളില്‍ ധരിച്ചിരുന്ന യൂണിഫോമുകളും നിലവിലെ യൂണിഫോമും, ഈ വർഷം പുറത്തിറക്കിയ പുതിയ ഫീൽഡ് യൂണിഫോമും ഇതിൽ ഉൾപ്പെടുന്നു. രജപുത്ര റെജിമെന്റിലെ സൈനികർ 1950 മുതലുള്ള യൂണിഫോം ധരിച്ച് 303 റൈഫിളുകളുമായി മാർച്ച് ചെയ്യും.

1960 മുതലുള്ള യൂണിഫോമിനൊപ്പം 303 റൈഫിളുകളുമായി അസം റെജിമെന്റും,7.62 എംഎം റൈഫിളിനൊപ്പം 1970 മുതലുള്ള യൂണിഫോം ധരിച്ച് ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ നിന്നുള്ള സൈനികരും മാർച്ച് ചെയ്യും. സിഖ് ലൈറ്റ് ഇൻഫൻട്രി, ആർമി ഓർഡനൻസ് എന്നിവയിൽ നിന്നുള്ള സൈനികർ റൈഫിളുകൾക്കൊപ്പം നിലവിലെ യൂണിഫോം ധരിക്കും. ആർമി ഡേ പരേഡിൽ അനാച്ഛാദനം ചെയ്ത പുതിയ കോംബാറ്റ് യൂണിഫോം ടവർ റൈഫിൾ വഹിക്കുന്ന പാരച്യൂട്ട് റെജിമെന്റ് സേനാംഗങ്ങളും ധരിക്കും.പരേഡില്‍ ആർമിയിൽ നിന്ന് ആറ്, നാവികസേനയിൽ നിന്നും വ്യോമസേനയിൽ നിന്നും ഒന്ന് വീതം, കേന്ദ്ര സായുധ പൊലീസ് സേനയില്‍ നിന്ന് നാല്, ഡൽഹി പൊലീസില്‍ നിന്ന് ഒന്ന്, നാഷണൽ കേഡറ്റ് കോറില്‍ നിന്ന് രണ്ട്, എൻഎസ്എസിൽ നിന്ന് ഒന്ന് വീതം ബറ്റാലിയനുകള്‍ പങ്കെടുക്കുമെന്ന് ഡൽഹി മേഖലാ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലോക് കക്കർ പറഞ്ഞു.