ദിലീപിന്റെ ഐടി സഹായിയുടെ മരണത്തില്‍ ദുരൂഹത’; തനിക്കും മരണഭയമുണ്ടെന്ന് ബാലചന്ദ്രകുമാര്‍

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടപടികള്‍ പുരോഗമിക്കെ നടന്‍ ദിലീപിന് എതിരെ പുതിയ വെളിപ്പെടുത്തല്‍. ദിലീപിന് എതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെയാണ് പുതിയ ആരോപണത്തിന് പിന്നില്‍. ദിലീപിന്റെ ഐടി സഹായിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ പരാമര്‍ശം. തനിക്ക് ജീവഭയമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു എറണാകുളം മേനകയില്‍ ഐഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സനീഷ് എന്നയാളുടെ മരണത്തെ കുറിച്ച് ബാലചന്ദ്രകുമാര്‍ ദുരൂഹത ഉന്നയിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

ദിലീപ് ജയിലില്‍ കിടന്ന സമയത്ത് സംവിധായകന്‍ അരുണ്‍ ഗോപിക്ക് രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നിരുന്നു. ഈ ഫോണ്‍ കോള്‍ അരുണ്‍ ഗോപി റെക്കോര്‍ഡ് ചെയ്തു. ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ഈ കോളിന്റെ കാര്യം ദിലീപിനെ അറിയിച്ചു. പിന്നാലെ ഈ ഫോണ്‍ പെന്റാ മേനകയിലെ സെല്ലുലാര്‍ സെയില്‍ എന്ന മൊബൈല്‍ സര്‍വീസ് സ്ഥാപനത്തിന്‍റെ ഉടമ സനീഷ് എന്ന ആളുടെ പക്കല്‍ റിട്രീവ് ചെയ്യാന്‍ ഏല്‍പ്പിച്ചു. ഇയാളെ ദിലീപിന് പരിചയപ്പെടുത്തിയത് താനാണ് എന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

അരുണ്‍ ഗോപിയുടെ ഈ ഐഫോണ്‍ ഐഫോണില്‍ നിന്നും ഫോണ്‍ കോള്‍ റിട്രീവ് ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് അയാള്‍ ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് റിട്രീവ് ചെയ്യാന്‍ ശ്രമിച്ചു. ഇതിനുള്ള പണം നല്‍കിയത് ദിലീപിന്‍റെ സഹോദരന്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ്. എന്നിട്ടും ഫോണ്‍കോള്‍ തിരിച്ചെടുത്താന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ദിലീപിന്റെ ഒരു സുഹൃത്തിന്റെ മുഖാന്തരം ഫോണ്‍ അമേരിക്കയില്‍ കൊടുത്തയച്ചു. അത്തരത്തില്‍ റിട്രീവ് ചെയ്‌തെടുത്ത നിരവധി വിവരങ്ങള്‍ ദിലീപിന്റെ പക്കലുണ്ട്.

ഈ സംഭവത്തിന് പിന്നാലെ സനീഷ് ദിലീപിന്റെ അടുത്ത സഹായിയായി. പിന്നീട് ഒരുക്കല്‍ തന്നോട് സംസാരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം സനീഷ് റോഡപകടത്തില്‍ മരിച്ചെന്നാണ് അറിഞ്ഞത്. ദിലീപിനെ കാണാന്‍ പോവുന്നു എന്ന തന്നോട് വെളിപ്പെടുത്തിയതിന് മൂന്നാം ദിവസം ആയിരുന്നു മരണം. ദിലീപ് ഐ ഫോണ്‍ കമ്പനിയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അറിഞ്ഞിരുന്ന വ്യക്തിയാണ് സനീഷ് എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ദിലീപ് ശേഖരിച്ചത് എന്ന് സനീഷ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ തനിക്കും ജീവഭയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. സംശയം തോന്നുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ ഐടി വിദഗ്ദ്ധരെ ഉപയോഗിച്ച് ദിലീപ് വാട്സ്ആപ്പ് ഹാക്ക് ചെയ്യാറുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ദിലീപിന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പോലുമുണ്ടെന്ന സംശയമാണ് ബാലചന്ദ്രകുമാര്‍ ഉന്നയിക്കുന്നത്.