ഫോണുകള്‍ തിങ്കളാഴ്ച തന്നെ ഹാജരാക്കണം; നിലപാട് കടുപ്പിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് കനത്ത തിരിച്ചടി. തിങ്കളാഴ്ച രാവിലെ 10.15ന് ആറ് ഫോണുകളും മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച വരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി.

മുംബൈയില്‍ നിന്ന് ഫോണുകള്‍ എത്തിക്കാന്‍ സമയം വേണമെന്നായിരുന്നു ദിലീപിന്റെ വാദം. മൂന്ന് ഫോണുകള്‍ മാത്രമേ കൈവശമുള്ളൂവെന്നും നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.

ഡിജിറ്റല്‍ തെളിവുകള്‍ നടന്‍ മനപ്പൂര്‍വം മറച്ചുപിടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ വാദമാണ് കോടതി അംഗീകരിച്ചത്. സ്വകാര്യ വിവരങ്ങള്‍ ഉള്ളതിനാല്‍ ഫോണ്‍ പരിശോധനയ്ക്ക് നല്‍കാനാവില്ലെന്ന് ദിലീപ് അറിയിച്ചിരുന്നു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഉപഹര്‍ജി പരിഗണിക്കുന്നതിന് വേണ്ടി ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് കേസില്‍ സിറ്റിംഗ് ആരംഭിച്ചിരിക്കുകയാണ്.

ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് ഹാജരായത്. ഒന്നുകില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം തള്ളണം അല്ലെങ്കില്‍ കസ്‌റ്റോഡിയല്‍ ഇന്ററോഗേഷനുവേണ്ടി വിട്ടുനല്‍കണം എന്നാവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോണ്‍ കൈമാറാന്‍ ആശങ്കയെന്തിനെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ പൊലീസിന്റെ ഫോറന്‍സിക് ലാബില്‍ വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് പറഞ്ഞിരുന്നു. സര്‍ക്കാരിന്റെയും മാദ്ധ്യമങ്ങളുടെയും ഇരയാണ് താനെന്നും ദിലീപ് ആരോപിച്ചു.