ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിന്റെ ചുരുളഴിയുന്നു

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിന്റെ ചുരുളഴിയുന്നു. പെൺകുട്ടികൾ ചിൽ​ഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട സമയം മുതൽ തിരികെ എത്തിച്ചത് വരെയുള്ള പൂർണ വിവരങ്ങൾ പൊലീസ് ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. ബംഗളുരുവിലെ മടിവാളയിൽ നിന്നായിരുന്നു ആദ്യത്തെ പെൺകുട്ടിയെ കണ്ടെത്തിയത്.മുറിയെടുക്കാനെത്തിയ പെൺകുട്ടിയെ ഹോട്ടൽ അധികൃതർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് രണ്ടാമത്തെ കുട്ടിയെ കണ്ടെത്തുന്നത്. മൈസൂരുവിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയുമാണ് ഈ കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യബസിൽ നാട്ടിലേക്കു വരുമ്പോൾ മണ്ഡ്യയിൽ വച്ചാണ് പെൺകുട്ടിയെ പിടികൂടിയത്.

ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അമ്മയുടെ നമ്പർ പെൺകുട്ടി നൽകിയതാണ് വഴിത്തിരിവായത്. ബസ് ജീവനക്കാർ വിളിച്ചപ്പോൾ അമ്മ ഫോണെടുത്ത് വിവരങ്ങൾ പറഞ്ഞു. തുടർന്ന് ബസ് ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബാക്കി നാല് പേരെ നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇവർ നിലമ്പൂരിലെ ആൺ സുഹൃത്തുക്കളെ കാണാൻ ഇന്ന് രാവിലെ ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാടെത്തി അവിടെ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്നു.കുട്ടികൾ നിലമ്പൂരിൽ എത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ എടക്കര പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മറ്റാരുടെയും സഹായമില്ലാതെ പലയിടങ്ങളിലായി താമസിച്ച് തിരികെയെത്തിയ നാല് പെൺകുട്ടികൾക്ക് എങ്ങനെ ഇത്രയും ദൂരം സഞ്ചരിക്കാൻ പണം ലഭിച്ചുവെന്നത് നിർണായകമാണ്. ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരാണോ ഇവരെന്നാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്.

ചിൽഡ്രൺസ് ഹോമിൽ നിന്നും പുറത്തിറങ്ങുമ്പോൾ നൂറ് രൂപ പോലും പെൺകുട്ടികളുടെ കയ്യിൽ ഇല്ലായിരുന്നു എന്നും എന്നാൽ ഇവർക്ക് കേരളം വിടാൻ എവിടെ നിന്ന് സഹായം ലഭിച്ചെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പെൺകുട്ടികൾക്ക് ബെംഗളൂരുവിലേക്ക് കടക്കാൻ പണം നൽകി സഹായിച്ചത് സുഹൃത്തുക്കളാണെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ രണ്ട് തവണയായി സുഹൃത്തുക്കളായ യുവാക്കൾ പണം ഗൂഗിൾ പേ വഴി കൈമാറിയെന്നാണ് റിപ്പോർട്ട്.

ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തിറങ്ങിയ കുട്ടികൾ ആദ്യം എത്തുന്നത് കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിലേക്കാണ്. അവിടെ നിന്നും ഒരു ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും 500 രൂപ വാങ്ങി. അതിന് ശേഷം സുഹൃത്തിനെ വിളിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി 500 രൂപ തിരികെ അയച്ചു നൽകുകയായിരുന്നു. ഇങ്ങനെയാണ് ബസ് യാത്രക്കുള്ള പണം കണ്ടെത്തിയത്.അവിടെ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ ഇവർ പാലക്കാടേക്ക് യാത്ര തിരിച്ചു. എന്നാൽ ആറു പേർക്ക് പാലക്കാട്ടേക്ക് പോകാൻ 500 രൂപ തികയാത്തതിനാൽ കണ്ടക്ടറിൽ നിന്നും 2000 രൂപ വാങ്ങി, അത് സുഹൃത്ത് വഴി വീണ്ടും ഗുഗിൾ പേയിലൂടെ തിരികെ നൽകി. ബസ് ടിക്കറ്റ് എടുത്ത ബാക്കി തുക കൊണ്ട് ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാൽ റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടികൾ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയതോടെ ടിടിആർ വഴിയിൽ ഇറക്കി വിട്ടു. മറ്റൊരു ട്രെയിനിൽ കയറിയാണ് ഇവർ മടിവാളയിലെത്തിയത്. മൂന്ന് സംഘങ്ങളായി​ ഗോവയിലേക്ക് കടക്കാനായിരുന്നു പെൺകുട്ടികളുടെ പദ്ധതി.

പെൺകുട്ടികൾക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയയുടെ അടിസ്ഥാനത്തിലാണ് നടപടി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചേർത്തു. കേസിൽ പെൺകുട്ടികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും.കൊല്ലം കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കൾ ബം​ഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് പെൺകുട്ടികളെ പരിചയപെട്ടത്. പെൺകുട്ടികൾക്ക് പണം കൊടുത്തത് എടക്കര സ്വദേശിയെന്നും കണ്ടെത്തി. ഇയാളേയും വിളിച്ചു വരുത്തി ചോദും ചെയ്യും. പെൺകുട്ടികളുടെ രഹസ്യമൊഴി ജ്യൂഡീഷനൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ രേഖപ്പെടുത്തും.ഗോവയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും പെൺകുട്ടികൾ മൊഴി കൊടുത്തിട്ടുണ്ട്. ബാലികാ സദനത്തിലെ മോശം സാഹചര്യമാണ് പുറത്ത് കടക്കാൻ പ്രേരിപ്പിച്ചതെന്നും മൊഴിയുണ്ട്. അതേസമയം ചിൽഡ്രൻസ് ഹോമിൽ സുരക്ഷ വീഴ്ചയുണ്ടായി എന്നതിലും പൊലിസ് അന്വേഷണം ആരംഭിച്ചു.അറസ്റ്റിലായ യുവാക്കൾകൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്ത് ആണ് അറസ്റ്റ്