ബജറ്റ് പുതിയ ഇന്ത്യക്ക് അടിത്തറ പാകും: പുകഴ്ത്തി അമിത് ഷാ

ഡല്‍ഹി: കേന്ദ്ര ബജറ്റിനെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് ദീര്‍ഘദൃഷ്ടിയോടെയുളള ബജറ്റാണെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ വരുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ ആകാനും കഴിയുന്നതാണ് ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബജറ്റിനെ കോണ്‍ഗ്രസും സിപിഎമ്മും രൂക്ഷമായി വിമര്‍ശിച്ചു. ധനമന്ത്രിയും പ്രധാനമന്ത്രിയും മധ്യവര്‍ഗത്തിന്റെ ദുരിതത്തിന് ഒരു ആശ്വാസവും നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും അവഗണിച്ചെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ശമ്പളക്കാര്‍ക്കും മധ്യ വര്‍ഗ്ഗത്തിനും പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരം ചെറുകിട കച്ചവടക്കാര്‍ക്കും ബജറ്റില്‍ ഒന്നുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി.