മുസ്ലീം സമുദായ കൂട്ടായ്മയില്‍നിന്ന് സമസ്ത പിന്മാറി

കോഴിക്കോട് : മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമസ്ത പിന്‍വാങ്ങി. സ്ഥിരം കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചാണ് സമസ്ത പിന്‍മാറിയത്. സമസ്തയുടെ തീരുമാനം.ലീഗിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ കെ വിഭാഗം) മുശാവറ യോഗമാണ് ലീഗ് കൂട്ടായ്മ വിടാന്‍ തിരുമാനിച്ചത്. സമുദായ പ്രശ്നങ്ങള്‍ ലീഗ് അല്ല കൈകാര്യം ചെയ്യേണ്ടതെന്ന വ്യക്തമായ സൂചനയാണ് സമസ്ത നിര്‍ണായക തീരുമാനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. വിഷയം അടിസ്ഥാനമാക്കി രൂപീകരിക്കുന്ന സമിതിയുമായി മാത്രം സഹകരിക്കാമെന്നാണ് മുശാവറയുടെ തീരുമാനം.

വഖഫ് വിഷയത്തില്‍ പളളികളില്‍ പ്രതിഷേധിക്കാനുളള തീരുമാനം സമസ്ത അറിയാതെ കോര്‍ഡിനേഷന്‍ കമ്മിറ്റി എടുത്തതാണ് പ്രകോപനമായത്. അടിയന്തിര ഘട്ടങ്ങളില്‍ വിഷയം അടിസ്ഥാനമാക്കി പാണക്കാട് തങ്ങള്‍ക്ക് മുസ്ലിം സംഘടനകളുടെ യോഗം വിളിക്കാം. അത് സാമുദായിക കാര്യത്തിനായതിനാല്‍ സമസ്ത നിശ്ചയിക്കുന്ന പ്രതിനിധി പങ്കെടുക്കും. സ്ഥിരം കോര്‍ഡിനേഷന്‍ കമ്മിറ്റിയിയുടെ ഭാഗമാകില്ല. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ക്ക് കോര്‍ഡിനേഷന്‍ കമ്മറ്റിയില്‍ പ്രാധാന്യം നല്‍കിയതും സമസ്ത തീരുമാനം കടുപ്പിക്കാന്‍ കാരണമായെന്നും സൂചനയുണ്ട്.