കണ്ണൂര്‍ വിസി നിയമനം; പുനര്‍ നിയമനത്തിന് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂര്‍ വി.സി പുനര്‍ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ വാദം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ നിര്‍ദേശപ്രകാരമല്ല വി.സി പുനര്‍ നിയമനമെന്ന് ഗവര്‍ണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് പുനര്‍ നിയമനം നല്‍കിയത് എന്നുള്ള വാര്‍ത്തകള്‍ പൂര്‍ണമായും വളച്ചൊടിക്കപ്പെട്ടതാണ്. വി.സി. നിയമനത്തില്‍ മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

വി.സിയുടെ പുനര്‍നിയമന താത്പര്യമനുസരിച്ച് നവംബര്‍ 21ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ് തന്നെ വന്ന് കണ്ടു. വി.സിയായ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനാണ് സര്‍ക്കാരിന് താത്പര്യമെന്ന് അറിയിച്ചു.

ഈ കാര്യത്തിലുള്ള സര്‍ക്കാരിന്റെ ഔദ്യോഗികമായ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് രാജ്ഭവനില്‍ എത്തിക്കുമെന്ന് അറിയിച്ചതായും ഗവര്‍ണര്‍ പറയുന്നു. കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പങ്കുമില്ലെന്നും താന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പുനര്‍നിയമനത്തിന് ഗോപിനാഥ് രവീന്ദ്രന്റെ പേര് ശുപാര്‍ശ ചെയ്തു കൊണ്ടുള്ള കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നത് എന്ന വാര്‍ത്തയും ഗവര്‍ണര്‍ നിഷേധിച്ചു.