സ്നേഹാർച്ചന ( കവിത-ദേവി ശങ്കർ)

ഒരു മുളംതണ്ടിന്റെ അറ്റത്തു ചേർത്തൊരു
നാദങ്ങളെല്ലാം
എന്നെങ്കിലും നീ
എനിക്കായി ചൊരിഞ്ഞുവെങ്കിൽ …
ഒഴുകിയെത്തുന്ന
ആ വേണുനാദത്തിൽ
പ്രേമാർദ്രയായി
ഞാനും വീണു ലയിച്ചിടാം…
മുരളിക പൊഴിക്കുന്ന ഗാനങ്ങൾക്കെന്നുമൊരു
ശ്രുതിയായി ഞാനും
തീർന്നിടാം….
നിൻ മാറോടു ചേർന്നൊരു പാട്ടു മൂളാൻ
പ്രണയമാം വരികളെ തേടി ഞാനലഞ്ഞു…
നിദ്രാവിഹീനങ്ങളാമെൻ
മിഴികളാൽ തോരാതെ ചെയ്തൊരാ അർച്ചനയും
എന്നകതാരിൽ ഇടമുറിയാതോതുന്ന സല്ലാപവും
ഇനിയൊരു നാളിന്റെ സ്വരജതിയായ്,
മണിനാദമായെന്നിൽ
പകർന്നീടണേ ….
വിരഹാർദ്രയായോരു
കൺമണി തൻ
പൂങ്കിനാവിൽ
കൂടണയാൻ
ഒരു മാത്ര നീയ്യൊന്നു
വന്നണയൂ….
നിൻ മുളം തണ്ടിലൊരു
നാദമാക്കി ഇവളെയും
നിന്നിലേയ്ക്ക് ചേർത്ത് വെയ്ക്കൂ…..

ദേവി ശങ്കർ