ആലപ്പുഴ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമെന്ന് ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

ആലപ്പുഴ: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളും മുന്നണിയിലെ ഘടക കക്ഷികള്‍ക്കും വിമര്‍ശനവുമായി സിപിഐഎം ആലപ്പുഴ സമ്മേളന റിപ്പോര്‍ട്ട്.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ പാര്‍ട്ടിയെ സ്വാധീനിക്കരുത് എന്ന മുന്നറിയിപ്പും സമ്മേളന പ്രതിനിധികളോട് പാര്‍ട്ടി വ്യക്തമാക്കുന്നു. ജില്ലയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയാണ് പ്രതിനിധികളോട് ഇക്കാര്യം വ്യക്തമാക്കിയത്. കണിച്ചുകുളങ്ങര വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (എം എ അലിയാര്‍ നഗര്‍) പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.

ആരെയും ചാരി നില്‍ക്കരുത്, അക്കാലം കഴിഞ്ഞു, പാര്‍ട്ടിയായി നില്‍ക്കാന്‍ പഠിക്കണം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ സ്വാധീനിക്കരുത്. അണികള്‍ക്ക് ഇടയിലും നേതാക്കള്‍ക്ക് ഇടയിലും മാനസിക ഐക്യം തകര്‍ന്നത് പ്രകടമെന്നും എസ്ആര്‍പി മുന്നറിയിപ്പ് നല്‍കുന്നു.

ഇതിന് പിന്നാലെ ജില്ലാസെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ആലപ്പുഴ സിപിഐഎമ്മില്‍ വിഭാഗീയത രൂക്ഷമാണെന്ന സൂചന നല്‍കുന്നത്. ആലപ്പുഴ, തകഴി, മാന്നാര്‍,ഹരിപ്പാട് സമ്മേളനങ്ങളില്‍ വിഭാഗീയത പ്രതിഫലിച്ചെന്നും ചൂണ്ടിക്കാട്ടുന്നു. ഹരിപ്പാട് വിഭാഗീയത പ്രത്യേകം പരിശോധിക്കണം. ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയ കമ്മിറ്റികളില്‍ ചേരിതിരിവും ഗ്രൂപ്പിസവും രൂക്ഷമാണെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടിലെ സ്ഥാനാര്‍ഥി സ്വീകാര്യനായിരുന്നില്ലെന്നും സമ്മേളന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്‍സിപി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുക മാത്രമാണ് ചെയ്തത്. ഇതിനൊപ്പമാണ് ആലപ്പുഴ സമ്മേളന റിപ്പോര്‍ട്ടില്‍ സിപിഐക്കെതിരെയും വിമര്‍ശനം ഉയര്‍ന്നത്. ചേര്‍ത്തലയില്‍ മണ്ഡലത്തിനു പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥിയായതിനാല്‍ അംഗീകരിച്ചില്ല. ഒരു വിഭാഗം സിപിഐ പ്രവര്‍ത്തകര്‍ അവസാന നിമിഷവും സജീവമായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.