റഷ്യക്ക് മുന്നറിയിപ്പ്; ഉക്രൈന് വേണ്ടിയുളള പ്രമേയം അംഗീകരിച്ച് യുഎസ് സെനറ്റ്

യുദ്ധമുഖത്ത് നിൽക്കുന്ന യുക്രൈനെ പിന്തുണച്ച് പ്രമേയം അംഗീകരിച്ച് യുഎസ് സെനറ്റ്. റഷ്യക്ക് മുന്നറിയിപ്പുമായാണ് യുഎസിന്ർറെ പ്രമേയം. വ്യാഴായ്ചയാണ് യുക്രൈനെ പിന്തുണച്ചുകൊണ്ട് യുഎസ് സെനറ്റ് വോട്ടോടെ പ്രമേയം പാസാക്കിയത്. ഏതാനും ദിവസങ്ങൾക്കുളളിൽ യുക്രൈനെതിരെ റഷ്യയുടെ ആക്രമണമുണ്ടാകുമെന്ന് ജോ ബൈഡൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് യുഎസ് സെനറ്റ് പ്രമേയം പാസാക്കിയത്. യുക്രൈൻ അതിർത്തിയിൽ റഷ്യൻ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. അത്കൊണ്ട് തന്നെ ഏത് സമയവും ആക്രമണത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാദമിർ പുടിൻ പദ്ധതിയിടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സെനറ്റർമാർ പാസാക്കിയ പ്രമേയത്തിന് നിയമസാധുത നിലനിൽക്കില്ല. എന്നാൽ സ്വതന്ത്ര്യവും സുരക്ഷിതവും ജനാധിപത്യപരവുമായ ഒരു യുക്രൈനെയാണ് തങ്ങൾ സ്വപ്നം കാണുന്നത് അവരെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് യുഎസ് നിയമനിർമ്മാണ ബോഡി രേഖപ്പെടുത്തി. റഷ്യക്കെതിരെ എതിർപ്പുകളില്ലാതെ ഐക്യകണ്ഠമായാണ് യുഎസ് പ്രമേയം പാസാക്കിയത്. അതിർത്തിയിൽ സൈന്യത്തെ നിലനിർത്തുന്ന റഷ്യൻ നടപടിയിൽ അപലപിക്കുന്നുവെന്നും യുഎസ് വൃത്തങ്ങൾ പറഞ്ഞു.

യുക്രൈന് നേരെ ഇന്നലെ റഷ്യ ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുക്രൈന്റെ കിഴക്കന്‍ മേഖലയിലെ സ്‌കൂളിന് സമീപം ഷെല്ലാക്രമണമുണ്ടായതെന്നാണ് വിവരം. 32 തവണ ഷെല്ലുകള്‍ യുക്രൈന്‍ നഗരമായ ലുഹാന്‍സ്‌കയില്‍ പതിച്ചെന്നും ആക്രമണത്തില്‍ രണ്ട് സൈനികരുള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമെത്രൊ കുലേബയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ സ്ഥിരീകരണം.

യുക്രൈന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസിലും ആക്രമണമുണ്ടായി. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയുടെ സേന പിന്‍മാറ്റത്തില്‍ സംശയം ഉയര്‍ത്തിയിരുന്നു. ആക്രമണത്തില്‍ പിന്നില്‍ റഷ്യയാണെന്ന സംശയവുമായി നാറ്റോയുടെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റേള്‍റ്റന്‍ബര്‍ഗും രംഗത്തെത്തിയിരുന്നു. നേരത്തെ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയാണെന്ന് വ്ളാദമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു. സൈന്യം പിൻവാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ റഷ്യയുടെ ഈ നീക്കത്തെ കണക്കിലെടുത്തിട്ടില്ല.

അതേസമയം, റഷ്യ യുക്രൈനെ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു എസ്. അന്താരാഷ്ട്ര നിയമ സംവിധാനത്തോട് പ്രതിജ്ഞാബദ്ധരായ ഇന്ത്യ റഷ്യക്കെതിരെയുള്ള എല്ലാ നീക്കങ്ങളിലും ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ നടന്ന യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. യുക്രൈന്‍ പ്രതിസന്ധിക്ക് നയതന്ത്രപരവും സമാധാനപരവുമായ പരിഹാരം കാണാനുള്ള സമവായങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.