കേരളം നിക്ഷേപ സൗഹൃദം, നാടിന്റെ വികസനത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും നാടിന്റെ വികസനത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി. ആര്‍ക്കുവേണമെങ്കിലും വ്യവസായം തുടങ്ങാം. ചെറുകിട വന്‍കിട വ്യവസായികള്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് ലൈസന്‍സ് അടക്കമുള്ളവ എടുത്താല്‍ മതി. വേഗത്തില്‍ നിക്ഷേപം തുടങ്ങാനുള്ള സൗകര്യമുണ്ട്. തൊഴില്‍ നല്‍കാന്‍ എത്തുന്നവരോട് ശത്രുത മനോഭാവം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് ഉള്ളത്‌. ഇതിന് വേഗത കൂട്ടാന്‍ നിയമങ്ങളും, ചട്ടങ്ങളും ഭേദഗതി ചെയ്തു. വ്യവസായികളോട് ശത്രുത മനോഭാവം പാടില്ല. നിക്ഷേപകരില്‍ നിന്ന് പണം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് ജയിലിലേക്ക് പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

”എല്‍ ഡി എഫ് നല്‍കിയ വാഗ്ദാനം നടപ്പിലാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് എല്ലാം ഒരുമിച്ചാക്കി. സംസ്ഥാനത്തിന്റെ സമഗ്ര പരിവര്‍ത്തനത്തിന് നിദാനമാക്കുന്ന വിധമാണ് ഏകീകരണം. ഒരു കുടക്കീഴില്‍ എല്ലാ വകുപ്പിനെയും അണിനിരത്തുക ലക്ഷ്യം. ചിതറി കിടന്ന വിഭാഗങ്ങള്‍ പദ്ധതികളുടെ ഏകോപനത്തിന് തടസമായിരുന്നു. ഇത് നീക്കാനാണ് ഏകോപിത സര്‍വ്വീസ്. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 35 മുതല്‍ 40 ശതമാനം തദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. തദേശ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന വിനോദ നികുതി നഷ്ടം സര്‍ക്കാര്‍ നികത്തും. സംവാദങ്ങള്‍ ശക്തിപ്പെടുത്തണം. അയല്‍ക്കൂട്ടങ്ങള്‍, റസിഡന്റസ് അസോസിയേഷന്‍ എന്നിവ ഗ്രാമസഭകളുമായി ബന്ധപ്പെടുത്തണം. വാര്‍ഡ് വികസനം കരുതുറ്റതാകണം. ഇതിനായി വിദഗ്ദ്ധരുടെ സേവനം തേടണം”.മുഖ്യമന്ത്രി പറഞ്ഞു.