കെ.പി.എ.സി ലളിത അന്തരിച്ചു

കൊച്ചി :കെ.പി.എ.സി ലളിത അന്തരിച്ചു.കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം .കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ കുറച്ചു നാളായി ചികിത്സയിൽ ആയിരുന്നു .ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായിരുന്നു.
കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്‌ക്ക് വരുന്നത്. പത്ത് വയസ്സ് മുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. രണ്ട് തവണ മികച്ച സഹനടിയ്‌ക്കുള്ള പുരസ്കാരം നേടി.ആലപ്പുഴയിലെ കായംകുളത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാവ്: കടയ്ക്കത്തറല്‍ വീട്ടില്‍ കെ അനന്തന്‍ നായര്‍, മാതാവ്: ഭാര്‍ഗവി അമ്മ. സഹോദരന്‍: കൃഷ്ണകുമാര്‍. സഹോദരി: ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ പി എ സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ പി എ സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കരണത്തിലാണ്. പിന്നീട് ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയുണ്ടായി.